ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ മനുഷ്യജീവന് ഭീഷണിയായൊരു അപകട വളവുണ്ട്. 22 വലിയ അപകടങ്ങൾ ഉണ്ടായ സ്ഥലമാണ് മുഹമ്മ കാവുങ്കൽ വടക്കേ തറമൂട് വളവ്. റോഡിന്‍റെ അശാസ്ത്രീയ നിർമാണ രീതി മൂലം ദിനംപ്രതി ചെറുതും വലുതുമായ അപകടങ്ങൾ പെരുകുന്നു.
ഓരോ രാത്രിയും പേടിയോടെയാണ് ഈ റോഡരികിലുള്ള വീട്ടുകാർ കഴിയുന്നത്. വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ 22 വലിയ അപകടങ്ങൾ ഉണ്ടായി. 12 പേർ മരിച്ചു. ചെറിയ അപകടങ്ങൾക്ക് കണക്കില്ല
മുഹമ്മ KPM യുപി സ്കൂൾ അപകടവളവിന് സമീപമാണ്. ഇവിടെയുള്ള മതിലിലേക്ക് ഏഴുതവണയാണ് വാഹനങ്ങൾ ഇടിച്ചു കയറിയത്. അടുത്തിടെ ഉണ്ടായ അപകടത്തിനു ശേഷം മതിൽ പുനർ നിർമിച്ചതേയുള്ളു. എതിർ വശത്തുള്ള കടയിലേക്കും വാഹനം ഇടിച്ചു കയറി. റോഡിൽ വളവുണ്ടെന്നറിയാതെ വേഗതയിൽ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്
റോഡിൽ രാത്രി വെളിച്ചമില്ല. അപായ സൂചകബോർഡുകളോ ശാസ്ത്രീയ വേഗനിയന്ത്രണ ഉപാധികളോ സ്ഥാപിച്ചിട്ടില്ല. വിവിധ തലങ്ങളിൽ പരാതിനൽകി. സ്ഥലം ഏറ്റെടുത്ത് റോഡ് നേരെയാക്കാൻ മുഹമ്മ പഞ്ചായത്ത് പ്രമേയം പാസാക്കി പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടും ഫലമുണ്ടായില്ല.