ആലപ്പുഴ നിർമാണത്തിലിരിക്കുന്ന ബൈപാസിന്‍റെ ഗർഡറുകൾ തകർന്നു വീണതിൽ പരാതിയുമായി പരിസരത്തെ കുടുംബങ്ങൾ. ഗർഡറുകൾ തകർന്നുവീണ ആഘാതത്തിൽ വീടുകൾക്ക് വിള്ളൽ വീണ് കേടുപാടുകൾ സംഭവിച്ചു എന്നാണ് പരാതി. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലിരുന്ന ബൈപാസിൻ്റെ ഗർഡറുകൾ തകർന്ന് വീണത്. 90 ടൺ വീതം ഭാരമുള്ള നാലു ഗർഡറുകളാണ് നിലം പൊത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗർഡറുകൾ വീണതിന് തൊട്ടടുത്തുള്ള കുരിശിങ്കൽ ടോണിയുടെ വീടിന്‍റെ മതിൽ തകർന്നു. പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിയിൽ നിന്ന് വായ്പയെടുത്ത് നിർമ്മാണം പൂർത്തിയാക്കാ മൂന്ന് വർഷം മാത്രമായ വീടിന്‍റെ ചുമരുകളിൽ പലഇടങ്ങളിലും വിള്ളൽ വീണു.
വീടുകൾക്കുണ്ടായ തകരാറുകൾക്ക് ദേശീയ പാത അതോറിറ്റിയോ കരാർ കമ്പനിയോ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഗർഡറുകൾ തകർന്ന് വീണതിൽ വിദഗ്ദ സമിതിയുടെ റിപ്പോർട്ട് വൈകും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കെ.സി. വേണുഗോപാൽ ചെയർമാനായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. അപകടത്തിന് കാരണം തൊഴിലാളി കളുടെ വീഴ്ചയാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും നിലപാട്