കൊല്ലം പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ പതിവായി വൈദ്യുതി മുടങ്ങുന്നതില്‍ വ്യാപകപ്രതിഷേധം. കെഎസ്ഇബി ഓഫിസിലേക്ക് മണ്ണെണ്ണ വിളക്കും മെഴുകുതിരിയുമായി നാട്ടുകാര്‍ മാര്‍ച്ച് നടത്തി.കല്ലട സൗഹൃദം കൂട്ടായ്മയാണ് നാട്ടുകാരെ ഒന്നാകെ അണിനിരത്തി ജനകീയപ്രതിഷേധം നടത്തിയത്.
കാറ്റടിച്ചാലോ, മഴ വീണാലോ മാത്രമല്ല വൈദ്യുതി പോകുന്നത്. കച്ചവട സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയായി. നിര്‍മാണമേഖലയിലും പണിമുടക്കം. വൈദ്യുതി മുടങ്ങിയെന്ന് പരാതി പറയാൻ പോലും ഉദ്യോഗസ്ഥരെ ഫോണിലും കിട്ടില്ല. പൊതുപ്രവര്‍ത്തകരായിട്ടുളള ആളുകള്‍ ചില ഉദ്യോഗസ്ഥരെ നേരില്‍കണ്ട് കാര്യം പറഞ്ഞെങ്കിലും പരിഹാരമില്ല. അങ്ങനെയാണ് മണ്ണെണ്ണ വിളക്കും, മെഴുകുതിരിയുമായി കെഎസ്ഇബി ഓഫിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തിയത്.
വൈദ്യുതി മുടക്കം പരിഹരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശാസ്താംകോട്ടയില്‍ അധിക ഫീഡർ ഉറപ്പാക്കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെന്ന് കല്ലട സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു.