കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കലില്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മാനേജുമെന്റ് ഇല്ലാതാക്കിയെന്നുമാണ് പരാതി. ബോര്‍ഡ് യോഗത്തിനെത്തിയ ചെയര്‍മാനെയും എംഡിയെയും ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചു.
വൈദ്യുതി ബോര്‍ഡിനും ജലവിഭവവകുപ്പിനുമൊക്ക സ്മാര്‍ട് മീറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് കൊല്ലം പളളിമുക്കില്‍ ദേശീയപാതയോരത്തുളള യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന മീറ്റര്‍ കമ്പനി. എഴുപത്തിയാറു ജീവനക്കാരുളള സ്ഥാപനമാണ് പ്രതിസന്ധിയിലൂടെ നീങ്ങുന്നത്. എട്ടുമാസമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ല. 27 മാസമായി തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കുന്നില്ല.
അടുത്തിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി ഇരുപത്തിയെട്ടു കോടി രൂപ ലഭിച്ചിട്ടും മാനേജുമെന്റ് പ്രയോജനപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. ജീവനക്കാരുടെ ആശുപത്രി ആവശ്യങ്ങള്‍പോലും മുടങ്ങുന്നു.2022, 23 വര്‍ഷങ്ങളിലെ മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ് ലഭിച്ചിട്ടില്ല. വ്യവസായവകുപ്പ് നാലുകോടി രൂപ അനുവദിച്ചെന്നും ജീവനക്കാരുടെ പരാതി പരിഹരിക്കുമെന്നുമാണ് ചെയര്‍മാനും എംഡിയും നല്‍കുന്ന വിശദീകരണം.