kollam-panther

TOPICS COVERED

പുലിയിറങ്ങിയതിനെ തുടർന്ന് ഭീതിയിലായ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വനംവകുപ്പ് പരിശോധന ശക്തമാക്കി. പത്തനാപുരം ചിതൽവെട്ടിയിലെ കശുമാവിൻതോട്ടത്തിലിറങ്ങിയ പുലിക്കൂട്ടത്തെ കണ്ടെത്താൻ വനപാലകർ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. പിറവന്തൂർ കടശ്ശേരി മേഖലയിൽ പുലി വളർത്തുനായയെ കൊന്നതായി നാട്ടുകാർ പറഞ്ഞു.

 

സംസ്ഥാന ഫാമിങ് കോർപറേഷന്‍റെ ചിതൽവെട്ടിയിലെ തോട്ടത്തിലാണ് കഴിഞ്ഞദിവസം പുലിയിറങ്ങിയത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചെണ്ണം ഉളളതായി തൊഴിലാളികളും നാട്ടുകാരും പറഞ്ഞിരുന്നു. ഇതു പ്രകാരം തോട്ടം മേഖലയിൽ വനപാലകരുടെ നിരീക്ഷണം തുടരുകയാണ്. രണ്ട് പുലികളെ വനംഉദ്യോഗസ്ഥരും കണ്ടിരുന്നു. ഉയർന്ന പാറക്കുട്ടങ്ങൾക്കിടയിലൂടെ പുലിക്കൂട്ടം തോട്ടത്തിനുള്ളിലേക്ക് പോയെന്നാണ് ആശങ്ക. തോട്ടം തൊഴിലാളികൾ ഒന്നാകെ ഭീതിയിലായതോടെ പുലിയെ കണ്ടെത്തുകയാണ് പ്രധാനം. ഡ്രോൺ ഉപയോഗിച്ച് വനപാലകർ നിരീക്ഷണം നടത്തി. 

Also Read; വമ്പന്‍ ആശുപത്രി; ‍‍‍ഡോക്ടര്‍മാരില്ല; പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ അവസ്ഥ

പുന്നല വനം ഓഫീസ് പരിധിയിൽ പിറവന്തൂർ കടശേരിയിൽ പുലി എത്തിയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ പുലി പിടികൂടിയതോടെ നാട്ടുകാർ ആശങ്കയിലാണ്.കടശ്ശേരി കേന്ദ്രീകരിച്ചും പുലിയെ കണ്ടെത്താൻ പരിശോധന തുടരുകയാണ്.

പ്രദേശത്തെ സ്വകാര്യ റബ്ബർ തോട്ടങ്ങളിൽ ഉൾപ്പെടെ ജോലിയെടുക്കുന്ന തൊഴിലാളികൾ ഭീതിയിലാണ്. പുലിയുടെ പുതിയ താവളം കണ്ടെത്തി  കഴിഞ്ഞാൽ കൂടുവെച്ചു പിടികൂടുന്നതിന് നടപടിയെടുക്കുമെന്നാണ് വനപാലകർ പറയുന്നത്.

ENGLISH SUMMARY:

In response to the tiger sighting that caused fear in the eastern region of Kollam district, the Forest Department has intensified its inspections. Forest officials conducted drone surveillance in the cashew plantation at Pathanapuram, in an effort to locate the tiger herd.