കൊല്ലത്ത് അഷ്ടമുടിക്കായലിലേക്ക് വന്‍തോതില്‍ മാലിന്യം തളളുന്നതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍. ശുചിമുറി മാലിന്യം ടാങ്കറുകളില്‍ എത്തിക്കുന്ന സംഘത്തിനെതിരെ നടപടി ഉണ്ടാകുന്നില്ല. ശാസ്ത്രീയപരിശോധനഫലം ലഭിച്ചാലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍  കാരണം വ്യക്തമാകുവെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കരിക്കട്ട പോലെ കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന അഷ്ടമുടിക്കായലിലെ വെളളം. ഓക്സിജന്‍ കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണം മാലിന്യം തന്നെ. ശുചിമുറി മാലിന്യം വന്‍തോതിലാണ് ടാങ്കര്‍ ലോറികളില്‍ അഷ്ടമുടിക്കായലിലേക്ക് ഒഴുക്കുന്നത്. മീനുകള്‍ ചത്തുപൊങ്ങിയതോടെ മീന്‍പിടിക്കുന്നവരുടെ ജീവിതം കഷ്ടത്തിലായി.‌‌

കൊല്ലം കോര്‍പറേഷന്‍ ഒരോ വര്‍ഷവും ബജറ്റില്‍ ഉള്‍പ്പെടുത്തി കോടികളാണ് അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് ചെലവഴിക്കുന്നത്. വന്‍കിടസ്ഥാപനങ്ങളുടെയും ആശുപത്രികളുടെയുമൊക്കെ മാലിന്യം കായലിലേക്ക് എത്തിയിട്ടും കോര്‍പറേഷന് ഒന്നും ചെയ്യാനാകുന്നില്ല

ഫിഷറീസ് ഉദ്യോഗസ്ഥരും കോര്‍പറേഷനിലെ ആരോഗ്യവിഭാഗവും വെളളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ശാസ്ത്രീയപരിശോധനാഫലം വന്നാലെ കാരണം വ്യക്തമാകുകയുള്ളൂ. ഇതൊക്കെ സാധാരണനടപടി. പക്ഷേ നാട്ടുകാര്‍ പങ്കുവയ്ക്കുന്ന മാലിന്യം തളളുന്ന സംഘത്തിനെതിരെ ആരെങ്കിലും നടപടിയെടുക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

ENGLISH SUMMARY:

Natives Reacts To Massive Fish Kill In Ashtamudi Lake