TOPICS COVERED

കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങളുെട കുറവ് പരിഹരിക്കണമെന്ന് നാട്ടുകാര്‍. പാചകപ്പുരയില്‍ നിന്നുളള അഴുക്കുവെളളം റോഡിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കി. സ്കൂള്‍ മുറ്റത്ത് ചെളിനിറയുന്നത് കുട്ടികള്‍ക്കും ബുദ്ധിമുട്ടായി. 

ഒന്നേകാല്‍കോടി രൂപ മുടക്കി കെട്ടിടമൊക്കെ നിര്‍മിച്ചെങ്കിലും സ്കൂളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയും വേണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. പാചകപ്പുരയില്‍ പാത്രം കഴുകാനുളള സംവിധാനമില്ല. അഴുക്കുവെളളം പാചകപ്പുരയുടെ വശത്തുകൂടി ഒഴുകി റോഡിലേക്കാണ് എത്തുന്നത്. മലിനജലം കെട്ടിക്കിടക്കുന്നത് ബുദ്ധിമുട്ടായതോടെ നാട്ടുകാര്‍ പരാതി നല്‍കി. ഭക്ഷണം കഴിച്ചാല്‍ കുട്ടികള്‍ക്ക് കൈകള്‍ ശുചിയാക്കാനും സംവിധാനമില്ല. 

സ്കൂള്‍ മുറ്റത്ത് കുറച്ചുഭാഗത്ത് ഇന്റര്‍ലോക് ടൈല്‍സ് പാകിയിട്ടുണ്ടെങ്കിലും മറ്റൊരു ഭാഗത്ത് ചെളി നിറഞ്ഞ് നടക്കാനാകില്ല. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ശ്രീകല ഉള്‍പ്പെടെയുളളവര്‍ ഉടന്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. നൂറിലധികം വര്‍ഷം പഴക്കമുളള സ്കൂളാണ്. പഴയ കെട്ടിടം 2019 ല്‍ പൊളിച്ചുമാറ്റി. പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഒാഗസ്റ്റ് പന്ത്രണ്ടിനാണ് മന്ത്രി ഗണേഷ്കുമാർ നിര്‍വഹിച്ചത്. ‌

ENGLISH SUMMARY:

Residents raise complaints over lack of basic facilities in the school