വീടുകൾക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ അപകടത്തിൽ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. കൊല്ലം പെരിനാടാണ് രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായത്.
അഷ്ടമുടിക്കായലിനോട് ചേർന്ന് പെരിനാട് മാമ്പുഴക്കടവിലാണ് വൈദ്യുതികമ്പി പൊട്ടിവീണത്. ഓലിക്കരയിൽ ശിവദാസൻപിള്ള, മുരളീധരപണിക്കർ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് ഉഗ്ര ശബ്ദത്തോടെ ലൈൻ പൊട്ടിവീണത്.
വീടുകളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ശിവദാസൻപിള്ളയുടെ വീട്ടിലെ സർവീസ് ലൈൻ കത്തുകയും ഫ്രിഡ്ജ്, ഫാൻ ഉൾപ്പെടെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.
മുരളീധരപ്പണിക്കരുടെ വീട്ടിലെ ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ നിന്ന് റെയിൽവേയ്ക്ക് വൈദ്യുതി നൽകുന്ന എക്സ്ട്രാ ഹൈടെൻഷൻ ലൈനാണ് വീടുകൾക്ക് മുകളിലേക്ക് പൊട്ടിവീണത്.
കെഎസ്ഇബിയുടെ സബ്സ്റ്റേഷനിൽ നിന്ന് റെയിൽവേയ്ക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടി വീണത്. വീടുകളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.