കൊല്ലത്ത് കഴിഞ്ഞദിവസം വ്യാജസോപ്പുകള്‍ പിടികൂടിയതില്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ വിലാസം ഉണ്ടായിരുന്ന സോപ്പിന് ആവശ്യമായ രേഖ ലഭിച്ചതിനാല്‍ നടപടിയില്‍ നിന്നൊഴിവാക്കി. ചെറുകിട സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെ ഉല്‍പ്പാദനവും വിതരണവും നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സോപ്പ് തയാറാക്കുന്ന കുടുംബശ്രീയൂണിറ്റുകളും, ചെറുകിട സ്ഥാപനങ്ങളുമൊക്കെ ഉല്‍പ്പാദത്തിനും വിപണനത്തിനും ലൈസന്‍സ് നേടിയിരിക്കണം. വില്‍പ്പനകേന്ദ്രത്തില്‍ ആവശ്യമായ രേഖകള്‍ ഉണ്ടാകണം, ലൈസന്‍സ് ഇല്ലാത്ത ഉല്‍പ്പന്നം വില്‍ക്കാന്‍ പാടില്ല. ഉല്‍പ്പാദകരും വ്യാപാരികളും ശ്രദ്ധിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊല്ലം ആണ്ടാമുക്കത്തെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്ത സോപ്പുകളില്‍ ചിലത് രേഖകള്‍ ഇല്ലാത്തതായിരുന്നു. കോസ്മെറ്റിക് നിയമലംഘനത്തിന് കേസെടുത്ത് സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം തൃശൂര്‍ വിലാസത്തില്‍ ഉണ്ടായിരുന്ന നിയ സോപ്പിന്റെ രേഖകള്‍ പിന്നീട് ലഭിച്ചതിനാല്‍ നടപടിയില്‍ നിന്നൊഴിവാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രവര്‍ത്തനാനുമതിയുണ്ടെന്ന് സ്ഥാപന ഉടമകളും അറിയിച്ചു. വ്യാജസൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണനം തടയുന്നതിനാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്.