കൊല്ലം കുണ്ടറയില്‍ സൈനികനായ മകന്റെ മരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അമ്മ പരാതി നൽകി. കഴിഞ്ഞ ഡിസംബറില്‍ മരിച്ച മുളവന സ്വദേശി തോംസൺ തങ്കച്ചനെ പൊലീസ് മര്‍ദിച്ചെന്നാണ് അമ്മയുടെ ആരോപണം.
സിക്കിം യൂണിറ്റിൽ ഉൾപ്പെട്ട മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ സൈനികൻ കുണ്ടറ മുളവന സാജൻ കോട്ടേജിൽ തോംസൺ തങ്കച്ചന്റെ മരണത്തിലാണ് ദുരൂഹത. സ്ത്രീധനഗാര്‍ഹിക പീഡനമെന്ന ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ വര്ഷം ഒക്ടോബർ 11ന് രാത്രി ഭാര്യ വീട്ടിൽ നിന്ന് കുണ്ടറ പൊലീസ് തോംസൻ തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. റിമാന്‍ഡിലായ തോംസണ്‍ പത്തൊന്‍പതാം തീയതി ജാമ്യത്തിലിറങ്ങി. പിന്നീട് നവംബര്‍ നാലിനാണ് മുളവനയിലെ വീട്ടിലെത്തിയത്. അവശനിലയിലായ മകനെ അമ്മ ആശുപത്രിയിലാക്കി. ഡിസംബര്‍ പതിമൂന്നിന് നട്ടെല്ലിന് താഴെയുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. വീട്ടിലെത്തി വിശ്രമത്തിലായിരുന്ന മകൻ ഡിസംബർ 27ന് പുലർച്ചെ മരിച്ചു. ആന്തരിക അവയവങ്ങൾക്കു ക്ഷതം ഏറ്റിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ചിരുന്നതായാണ് അമ്മയുടെ ആരോപണം
ജയിലില്‍ നിന്നിറങ്ങിയശേഷം 16 ദിവസം കഴിഞ്ഞാണ് തോംസണ്‍ വീട്ടിലെത്തിയത്. ഇത്രയും ദിവസം തോംസണ്‍ എവിടെയായിരുന്നുവെന്ന് അമ്മയ്ക്കും അറിയില്ല. തോംസണിന്റെ ഭാര്യവീട്ടുകാരെക്കുറിച്ചും കൂടുതലായി അറിയില്ലെന്നാണ് അമ്മ പറയുന്നത്.