കൊല്ലം ചവറ കെഎംഎംഎല്ലിൽ സ്ഥിരം നിയമനം ആവശ്യപ്പെട്ട് താൽകാലിക ജീവനക്കാരുടെ സമരം ശക്തമാകുന്നു. പതിനാലു വർഷം ജോലി ചെയ്തിട്ടും സ്ഥിര നിയമത്തിന് മാനേജ്മെന്‍റ് തീരുമാനമെടുക്കുന്നില്ലെന്നാണ് പരാതി.
പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിൽ പതിനാലു വർഷമായി ജോലി ചെയ്യുന്ന 639 ഡിസിഡബ്ലിയു തൊഴിലാളികളാണ് 24 മണിക്കൂർ പണിമുടക്ക് നടത്തി പ്രതിഷേധിച്ചത്. എംഡിയുടെ ഉള്‍പ്പെടെ വാഹനം തടഞ്ഞും തൊഴിലാളികൾ പ്രതിഷേധിച്ചു.
സ്ഥിര നിയമനത്തിന് യോഗ്യതയുള്ളവർ ഉണ്ടെങ്കിലും മാനേജ്മെൻറ് തീരുമാനമെടുക്കുന്നില്ല എന്നാണ് പരാതി. ഇതേ ആവശ്യം ഉന്നയിച്ച് ഒന്‍പതുമാസമായി സമരത്തിലാണ്. ആറുമാസം മുന്‍പ് വ്യവസായ മന്ത്രി ഉൾപ്പെടെയുള്ളവർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല,
സ്ഥിരം തൊഴിലാളിക്ക് നൽകുന്ന ആനുകൂല്യം താൽകാലിക ജീവനക്കാർക്കും നൽകാമെന്ന് നേരത്തെ ധാരണ ഉണ്ടായിരുന്നുവെങ്കിലും നടപ്പായില്ലെന്നും പരാതി. വിവിധ യൂണിയനുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികള്‍ ഒരുമിച്ചാണ് സമരത്തിന് നേതൃത്വം നൽകിയത്.