കൊല്ലം കുളത്തൂപ്പുഴ റോസ്‌മലയില്‍ വനംവകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ പണം ലഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. അപേക്ഷ നല്‍കി നാലു വര്‍ഷമായിട്ടും ആനുകൂല്യം ലഭിച്ചില്ലെന്നാണ് പരാതി.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം 2021 മുതൽ അപേക്ഷ നൽകിയിട്ടുള്ളവർക്ക് സർക്കാർ ആനുകൂല്യം വൈകുന്നതായാണ് പരാതി. റോസ്മല ഈറ്റപ്പടപ്പ് ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് മുന്നിലായിരുന്നു സമരസമിതിയുടെ പ്രതിഷേധം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉള്‍പ്പെടുന്ന റോസ്മലയില്‍ നിന്ന് സ്വയം മാറിത്താമസിക്കാന്‍ തയാറായവരാണ് വനംവകുപ്പിന്റെ ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപയാണ് പദ്ധതിപ്രകാരം ലഭിക്കേണ്ടത്. 2018 ല്‍ തുടങ്ങിയ പദ്ധതി പ്രകാരം ഇതുവരെ അറുപത്തിയെട്ട് കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്.
ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ഭാഗമായുളള വനമേഖലയോട് ചേര്‍ന്ന് 204 കുടുംബങ്ങളിലായി 344 പേരാണുളളത്. ഇവരെ പുനരധിവസിപ്പിക്കാനായി 51 കോടി 60 ലക്ഷം രൂപ നേരത്തെ നീക്കിവച്ചതാണെന്നും പുനരധിവാസ സമിതി അംഗങ്ങള്‍ പറയുന്നു.