വീടിന് ചുറ്റും വിദേശ ഫലവൃക്ഷങ്ങള്‍ നട്ട് പരിപാലിക്കുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ റേ തോമസ് എന്ന കര്ഷകന്. വ്യത്യസ്ഥതയ്ക്കു വേണ്ടിയാണ് വീട് ചുറ്റുമുണ്ടായിരുന്ന റബര്‍മരങ്ങള്‍ വെട്ടിമാറ്റി വിദേശ ഫലവൃക്ഷങ്ങള്‍ നട്ടത്.
വീടിന് ചുറ്റുമുള്ള ഒരേക്കര്‍ സ്ഥലത്ത് ഏഴ് വര്‍ഷം മുന്‍പാണ് കൃഷി തുടങ്ങിയത്. ദൂരിയാന്‍, ചെമ്പടാക്, കമ്പോഡിയന്‍ മുന്തിരി തുടങ്ങിയവയാണ് ഈ സീസണില്‍ കായ്ച്ച് നില്‍ക്കുന്നുത്. അമേരിക്കയില്‍ നിന്നുള്ള വിവിധയിനം മാവുകള്‍, മില്‍ക് ഫ്രൂട്ട്, ബ്രസീലിയന്‍ മള്‍ബറി എന്നിവ പൂത്തു തുടങ്ങി. ആദ്യം പച്ചക്കറിക്കൃഷിയായിരുന്നു. പിന്നെ മാറ്റം വേണമെന്ന് തോന്നിയപ്പോള്‍ വിദേശ ഫലവൃക്ഷങ്ങളിലേക്ക് തിരിഞ്ഞു. റംബുട്ടാന് പത്തനംതിട്ടയില്‍ സാധാരണമാണെങ്കിലും അതിലെ വെറൈറ്റിയാണ് റേ തോമസ് തിരഞ്ഞുപിടിച്ചത്.
വിദേശത്ത് നിന്നെത്തുന്ന സുഹൃത്തുക്കള്‍ വിത്തുകള്‍ എത്തിച്ച് കൊടുക്കാറുണ്ട്. നഴ്സറികളില്‍ ബുക്ക് ചെയ്താണ് ചില മരങ്ങള്‍ എത്തിക്കുന്നത്. ഓരോ മരങ്ങളും കായ്ക്കുന്ന സീസണ് ഓരോന്നായതിനാല് എല്ലാക്കാലത്തും എന്തെങ്കിലുമൊക്കെ പഴങ്ങള്‍ തോട്ടത്തില്‍ ഉണ്ടാകും. ജൈവ രീതിയിലാണ് കൃഷിയെന്ന് റേ തോമസ് പറയുന്നു.