പ്രളയബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കിയ വീടുകള്‍ക്ക് മൂന്നു വര്‍ഷമായിട്ടും പട്ടയംകിട്ടിയില്ല. പത്തനംതിട്ട കടമ്പനാട് തുവയൂരിലെ ആറ് കുടുംബങ്ങളാണ് പട്ടയം കിട്ടാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്.
കടമ്പനാട് പഞ്ചായത്തില്‍ തുവയൂരില്‍ നാല് വര്‍ഷം മുന്‍പാണ് മുത്തൂറ്റ് പാപ്പച്ചല്‍ ഫൗണ്ടേഷന്‍ എട്ട് വീടുകള്‍ നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയത്. കല്ലട ഇറിഗേഷന്‍ വകുപ്പ് റവന്യൂവകുപ്പിന് വിട്ടുകൊടുത്ത സ്ഥലത്തായിരുന്നു വീട് നിര്‍മാണം. തിരുവല്ല, തുമ്പമൺ, പന്തളം എന്നിവിടങ്ങളിൽ പ്രളയത്തെ തുടർന്ന് വീടു നഷ്ടമായ ആറ് കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. രണ്ട് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു. താമസം തുടങ്ങി മൂന്നു വര്‍ഷമായിട്ടും ആറ് കുടുംബങ്ങള്‍ക്കും പട്ടയം നല്‍കിയില്ല. പട്ടയം ലഭിക്കാത്തതിനാൽ ആറുകുടുംബങ്ങളുടേയും വീടുകൾക്ക് പഞ്ചായത്ത് വീട്ടു നമ്പർ നൽകിയിട്ടില്ല. ഇതു കാരണം ആനുകൂല്യങ്ങൾ നഷ്ടമാകുന്നതായായാണ് വീട്ടുകാരുടെ പരാതി.
വീടുകളിൽ വയോധികരും രോഗികളുമുണ്ട്. ആർക്കും ചികിത്സാ ധനസഹായമോ ക്ഷേമ പെൻഷനുകളോ ലഭിക്കുന്നില്ല. റവന്യൂ വകുപ്പ് അടിയന്തര സ്വഭാവത്തോടെ ഇടപെടണം എന്ന് താമസക്കാര്‍ പറയുന്നു. ഒഴിഞ്ഞു കിടക്കുന്ന രണ്ട് വീടുകള്‍ ഭവന രഹിതര്‍ക്ക് കൈമാറാനുള്ള നടപടി വേണം എന്നും താമസക്കാര്‍ ആവശ്യപ്പെടുന്നു.