പത്തനംതിട്ട അടൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ വില്ലേജ് ഓഫിസര്‍ കല മരിച്ചതില്‍ ചികില്‍സാപ്പിഴവില്ലെന്ന് കോടതി വിധി. സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വിവാദമായ കേസിലാണ് തിരുവനന്തപുരം പെര്‍മനന്‍റ് ലോക് അദാലത്ത് വിധി. ഹൈക്കോടതിയെ സമീപിക്കുമെന്ന് കലയുടെ ബന്ധുക്കള്‍ പറയുന്നു.
മൂന്ന് വര്‍ഷം മുന്‍പ് 2021 സെപ്റ്റംബര്‍ 30ന് അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലെ തൈറോയിഡ് ശസ്ത്രക്രിയക്കിടെയാണ് വില്ലേജ് ഓഫിസറായ കല മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറായ ജയന്‍ സ്റ്റീഫന്‍റെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. വിവാദമായതോടെ ജയന്‍ സ്റ്റീഫനെതിരെ അച്ചടക്കം നടപടിയും ഉണ്ടായി. ഒരു കോടിരൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് കലയുടെ കുടുംബം കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കോടതി ചികില്‍സാപ്പിഴവില്ലെന്ന് വിധിച്ചത്
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടക്കം ഒട്ടേറെപ്പേരെ വിസ്തരിച്ചു. 38 തെളിവുകളും വിദദ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ടും പരിശോധിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കോടതിയുടെ വിധി. ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്ന് കോടതി വിധിച്ചു. ശസ്ത്രക്രിയ നടത്തിയത് സര്‍ക്കാര്‍ ഡോക്ടര്‍ തന്നെയെന്ന് വ്യക്തമാണെങ്കിലും അത് ചട്ടലംഘനത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു
പി.ശശിധരന്‍ ചെയര്‍മാനും, വി.എന്‍.രാധാകൃഷ്ണന്‍, ഡോ. ഇ.മുഹമ്മദ് ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്‍റേതാണ് വിധി. വിധി അപ്രതീക്ഷിതമാണെന്നും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നുമാണ് കലയുടെ ബന്ധുക്കളുടെ നിലപാട്