തിരുവല്ല നെടുമ്പ്രത്ത് ക്ഷേത്രങ്ങളിൽ വ്യാപക കവർച്ച. മിക്കയിടത്തും കാണിക്കവഞ്ചിയിലെ പണമാണ് നഷ്ടപ്പെട്ടത്. മോഷ്ടാവന്‍റെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് ശനിയാഴ്ച വെളുപ്പിനെ മോഷണം നടന്നത്. പുലർച്ചെ രണ്ടു മണിയോടെ ക്ഷേത്രങ്ങളിലെത്തിയ മോഷ്ടാവ് കാണിക്ക വഞ്ചികൾ കുത്തിത്തുറക്കുകയായിരുന്നു. 5000ത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
മേൽ വസ്ത്രം ധരിക്കാത്ത മധ്യവയസ്കനായ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞു. രാവിലെ ആറുമണിയോടെ ക്ഷേത്രം ശുചീകരിക്കാൻ തൊഴിലാളികളെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
സമീപത്തുള്ള സർക്കാർ സ്കൂളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.