മകരവിളക്ക് ഉല്‍സവത്തിന്‍റെ രണ്ടാംദിവസം ശബരിമല സന്നിധാനത്ത് ആഘോഷമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ കർപ്പൂരത്താലം എഴുന്നള്ളത്ത്. ചിന്തുപാട്ടിന്റെയും മലയുടെ കൊടികളുടെയും അകമ്പടിയോടെ ആയിരുന്നു എഴുന്നള്ളത്ത്. അയ്യപ്പന്‍റെ ശൈവ യോദ്ധാക്കൾ ആയിരുന്ന ആലങ്ങാട് സംഘത്തിന്റെ വരവാണ്. മുന്നിൽ ചിന്തുപാട്ട്. ഒപ്പം വിളക്കാട്ടം. നൂറുകണക്കിന് കണ്ണെഴുതിയ പുരുഷന്മാരും ബാലികമാരും പ്രായമേറിയ മാളികപ്പുറങ്ങളും എടുത്ത കർപ്പൂരത്താലങ്ങൾ.
ആലങ്ങാട് സംഘത്തെ നയിച്ച് സമൂഹപ്പെരിയോൻ. പൂജിച്ച ഗോളക. അയ്യപ്പൻ്റെ തിടമ്പും തലപ്പാറ മല കൊടികളും കുടയും. പതിനെട്ടാം പടിക്കു മുന്നിലെത്തി ഉറഞ്ഞുതുള്ളി ആലങ്ങാട്ട് സംഘത്തിന്റെ വെളിച്ചപ്പാടുകൾ. അയ്യപ്പനെ ജീവനോടെ അവസാനമായി കണ്ടെന്ന് ആലങ്ങാട്ട് സംഘം വിശ്വസിക്കുന്ന മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്തിന്റെ തുടക്കം. അവിടെനിന്ന് അയ്യപ്പൻ്റെ അരുളപ്പാടുകൾ ഉണ്ടായി. മുൻപ് സംഘം പതിനെട്ടാം പടി കയറി നേരിട്ട് നെയ്യഭിഷേകം നടത്തിയിരുന്നു എന്നു സംഘം പറയുന്നു. ഇപ്പോൾ ഗോളക കയറ്റുന്നതിന് അടക്കം ഉള്ള നിയന്ത്രണങ്ങളിൽ പരിഭവമുണ്ട്