കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നഷ്ടം. കരിയ്ക്കകത്ത് വീടുകളില്‍ വെള്ളം കയറി. ആനയറയില്‍ മതിലിടിഞ്ഞ് വീണു 14 കോഴികളും ആടും മണ്ണിനടിയിലായി. പൊന്‍മുടിയിലേക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.

ഇന്നലെ പെയ്ത പെരുമഴയില്‍ തലസ്ഥാന ജില്ലയിലുണ്ടായത് വ്യാപക നാശനഷ്ട‌മാണ്. താഴ്ന്ന പ്രദേശങ്ങളില്‍  വെള്ളം കയറി. കരിയ്ക്കകത്തുള്ള 40ഓളം വീട്ടുകാരെയാണ് മാറ്റി പാര്‍പ്പിച്ചത്. കെട്ടികിടക്കുന്ന വെള്ളമായതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. വിമാനത്താവളത്തില്‍ നിന്ന് ഉള്‍പ്പെടെ കൊണ്ടുവന്ന പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തു മാറ്റുന്നെണ്ടെങ്കിലും ഇതുവരെയും ഫലം കണ്ടില്ല

ഇതിനിടെ സ്ഥലം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടില്ലെന്ന നാട്ടുകാരുടെ വാദത്തെ എതിര്‍ത്ത് സിപിഎംകാര്‍ രംഗത്തെത്തി. ആറ്റിങ്ങല്‍ മേലാറ്റിങ്ങലില്‍ വിജയദാസിന്‍റെ വീട് തകര്‍ന്നു. മേല്‍ക്കൂര തകരുന്ന ശ്ബദം കേട്ടതിനെ തുടര്‍ന്നു വിജയാദാസും കുടുംബവും പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. 

പ്ലസ്​വണ്‍ വിദ്യാര്‍ഥിനിയായ മകളടക്കമുള്ളവരാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. ആനയറ മോക്കാട് ലെയിനില്‍ വലിയ മതില്‍ ഇടിഞ്ഞു വീണ് കൂട്ടിലുണ്ടായിരുന്ന ആടും കോഴിയും മണ്ണിനടിയിലായി. വീടിന്‍റെ അടുക്കളഭാഗവും തകര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് പൊന്‍മുടിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പടിഞ്ഞാറെ കോട്ടയുടെ ഒരു ഭാഗം കനത്ത മഴയില്‍ അടര്‍ന്നു വീണു 

ENGLISH SUMMARY:

Heavy Rainfall In Thiruvananthapuram District