കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപു സോമന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഒളിവിലുള്ള പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്. സുനിലും പ്രദീപും ചേര്‍ന്നാണോ ദീപുവിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ദീപുവിനെ കൊന്നത് ചൂഴാറ്റുകോട്ട അമ്പിളിയെന്ന സജികുമാറാണെന്ന് പൊലീസ് ഉറപ്പിച്ചു. പക്ഷെ കാരണം എന്ത്? ഗൂഡാലോചനയിലും ആസൂത്രണത്തിലും ആര്‍ക്കൊക്കെ പങ്ക്? ഇക്കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. ദീപുവില്‍ നിന്ന് പണം തട്ടിയെടുക്കാനുള്ള ക്വട്ടേഷന്‍ കൊലയെന്നാണ് സംശയം. നെയ്യാറ്റിന്‍കര സ്വദേശി സുനിലും നേമം സ്വദേശി പ്രദീപ് ചന്ദ്രനും ചേര്‍ന്നാണ് പണം തട്ടിയെടുക്കാനുള്ള ആലോചന നടത്തിയത്.
ദീപുവിന്റെ കയ്യില്‍ പണമുണ്ടെന്നും പത്ത് ലക്ഷം രൂപയുമായി യാത്ര ചെയ്യുമെന്നുമുള്ള കാര്യവും ദീപുവിനെ അറിയാവുന്ന അമ്പിളി ഇവരോട് പറഞ്ഞു. അതനുസരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.
കൊല നടന്ന തിങ്കളാഴ്ച വൈകിട്ട് അമ്പിളിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റി കളിയിക്കാവിളയിലെത്തിച്ചത് സുനിലും പ്രദീപും ചേര്‍ന്നാണെന്നും സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.സുനില്‍ ഒളിവില്‍ തുടരുകയാണ്.