ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബലാബലം അളക്കുന്ന വേദിയായ 49 തദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനറൗണ്ടില്‍. രണ്ട് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് തിരുവനന്തപുരം വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മല്‍സരത്തെ വേറിട്ടതാക്കുന്നത്. പെരിങ്ങമല പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചവരാണ് സി.പി.എം സ്ഥാനാര്‍ഥികളാകുന്നത്.

23 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ്, 5 വര്‍ഷം വൈസ് പ്രസിഡന്റ്,7 വര്‍ഷം മെമ്പര്‍, 5 വര്‍ഷം ബ്ളോക് പഞ്ചായത്ത് അംഗം, 3 വര്‍ഷം ജില്ലാ പഞ്ചായത്തംഗം. അങ്ങിനെ നാലരപതിറ്റാണ്ട് അധികാരങ്ങളെല്ലാം നേടി വെള്ളനാട്ടെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു വെള്ളനാട് ശശി. പ്രാദേശിക തര്‍ക്കങ്ങളേ തുടര്‍ന്ന് പാര്‍ട്ടി മാറി സി.പി.എമ്മില്‍ ചേര്‍ന്ന് ജില്ലാ പഞ്ചായത്തംഗത്തം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞതവണ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച ശശി ഇന്ന് അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് തേടുന്നു. ഈ കാലുമാറ്റമാണ് വോട്ടുചര്‍ച്ച.

കോണ്‍ഗ്രസ് വോട്ടുകള്‍ ശശിയിലേക്ക് ചോരുന്നത് തടയാനാണ് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. കളംമാറിയെത്തിയ ശശിക്കെതിരായ സി.പി.എം വികാരവും പ്രതീക്ഷിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലുണ്ടായ വോട്ടുവളര്‍ച്ചയിലാണ് ബി.ജെ.പി പ്രതീക്ഷ.

വെള്ളനാടിന് സമാനമായി തിരുവനന്തപുരത്തെ പെരിങ്ങമല പഞ്ചായത്തിലെ മൂന്ന് വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയവരെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

It is the clash between the two Congressmen that makes the race for the Thiruvananthapuram Vellanad district panchayat division stand out. In all three wards of Peringamala Panchayat, CPM candidates are those who have resigned from Congress.