TOPICS COVERED

വിദ്യാര്‍ഥികളുടെ പഠനത്തെ വലച്ച് സ്കൂൾ കെട്ടിടം മദ്യപാന കേന്ദ്രമാക്കി സാമൂഹ്യവിരുദ്ധർ. തിരുവനന്തപുരം മണ്ണന്തല ഹൈസ്കൂളിലാണ് രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നത്. ഒഴി‍ഞ്ഞ മദ്യ കുപ്പികളും, ഭക്ഷണ അവശിഷ്ടങ്ങളും ലഹരി വസ്തുക്കളും ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ച താല്ക്കാലിക ക്ലാസ് മുറികളിൽ കണ്ടെത്തി. 

മദ്യപിക്കാന്‍ ഉപയോഗിച്ച ഗ്ലാസും ഒഴിഞ്ഞ കുപ്പിയും, ഭക്ഷണ അവശിഷ്ടവും, സിഗരറ്റു കുറ്റിയും അടക്കമാണ് ഇന്നലെ രാവിലെ സ്കൂളിലെ ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലും നിന്നുമായി അധ്യാപകര്‍ കണ്ടത്. രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ലഹരി ഉപയോഗിക്കാനായി സ്കൂള്‍ കെട്ടിടം ഉപയോഗിക്കുന്നതായാണ് പരാതി. മുന്‍പും സമാനമായ രീതിയില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തിയിരുന്നു. അന്ന് മണ്ണന്തല പൊലീസിനെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. 

സ്കൂളിലെ പഴയ കെട്ടിടത്തിന് ബലക്ഷയം കണ്ടത്തിയതിനെ തുടര്‍ന്ന് ഹൈസ്കൂള്‍ വിഭാഗത്തിന്‍റെ ക്ലാസുകള്‍ ഓഡിറ്റോറിയത്തിലാണ് തല്ക്കാലിത്തേക്ക് ഒരുക്കിയിട്ടുള്ളത്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സ്കൂള്‍ കുട്ടികളെ ലക്ഷ്യം വെച്ച് ലഹരി വില്‍പ്പന സം‌‌‌‌‍‍ഘവും എത്തുന്നതായി അധ്യാപകര്‍ പറയുന്നു. അതിക്രമം തടയാന്‍ സ്കൂള്‍ പരിസരത്ത് സിസിടിവി സ്ഥാപിക്കാൻ പിടിഎയ്ക്ക് ഫണ്ട് ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. 

സ്കൂളില്‍ സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ചുറ്റുമതില്‍ കെട്ടി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് അധ്യാപകരുടെയും പിടിഎയുടെയും ആവശ്യം.

The anti-socials turned the school building into an alcohol center, disrupting the students' studies: