ഭീതിയുടെ തോക്കിന്‍മുനയില്‍ തിരുവനന്തപുരം വിളവൂര്‍ക്കല്‍ പ്രദേശം. കരസേന ഫയറിങ് സ്റ്റേഷനില്‍ നിന്ന് ജനവാസകേന്ദ്രങ്ങളിലേക്ക് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞെത്തുന്നതാണ് പ്രശ്നം. വെള്ളിയാഴ്ച വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീടിന്‍റെ മേല്‍ക്കൂര തുളച്ചുകയറിയ വെടിയുണ്ട വീടിനുള്ളില്‍ വീണിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലാത്തതിനാൽ ആളപായമുണ്ടായില്ല.
മുന്‍പും ഇവിടെ ജനവാസ മേഖലകളില്‍ വെടിയുണ്ട പതിച്ചിട്ടുണ്ട്. 2014ല്‍ മലയം സ്വദേശി ഓമനയുടെ വയറിന് വെടിയേറ്റു. 10 വര്‍ഷം മുമ്പ് വീടിന്‍റെ മുറ്റത്ത് ചെടിക്ക് വെള്ളം നനയ്ക്കുന്നതിനിടെയാണ് ബുള്ളറ്റ് ഓമനയുടെ വയറ് തുളച്ചത്. ആദിവസം ഒര്‍ത്തെടുക്കുമ്പോള്‍ ഇപ്പോഴും ഓമനയ്ക്ക് വിറയല്‍ അനുഭവപ്പെടുന്നു. വെടിയുണ്ട സഹിതം പൊലീസിന് നല്‍കിയ പരാതിയില്‍ ഒന്നും സംഭവിച്ചില്ല.
Also Read; വയനാടിനായി ബിരിയാണി ചലഞ്ച് തട്ടിപ്പ്; മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്
2018ല്‍ പൊറ്റയം സ്വദേശി പുഷ്പാകരന്‍ നായരുടെ വീടിന്‍റെ ജനല്‍ തുളച്ചാണ് വെടിയുണ്ടയെത്തിയത്. ഇദ്ദേഹത്തിന്‍റെ വീടിന് തൊട്ടടുത്താണ് കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ച വീട്. പുഷ്പാകരന്‍ നായരുടെയും ഓമനയുടെയും പരാതികള്‍ പൊലീസ് ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. ഇങ്ങനെ പത്ത് വര്‍ഷത്തിനിടെ വിളവൂര്‍ക്കലുകാരുടെ സമാധാന ജീവിതം തടസ്സപ്പെടുത്തുകയാണ് മുക്കുന്നിമലയിലെ കരസേന ഫയറിംഗ് സ്റ്റേഷന്‍.
ഫയറിങ് പരിശീലനം നടത്തുമ്പോള്‍ ജനവാസമേഖലകളില്‍ വെടിയുണ്ട പതിക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ ഒത്തുതീര്‍പ്പാക്കി അവസാനിപ്പിക്കാനല്ലാതെ പരിഹാരം കാണാന്‍ പൊലീസും കരസേനയും തയ്യാറായിട്ടില്ല. അടുത്ത ഇര ആരാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.