തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വികസന ആക്ഷൻ കൗൺസിലിന്‍റെ സമരപന്തല്‍ പൊളിച്ചു നീക്കിയതില്‍ വന്‍ പ്രതിഷേധം. വികസനം പൂർണമായി സാധ്യമാകും വരെ സമരം തുടരുമെന്ന് ആക്ഷൻ കൗൺസിൽ. കുടിയൊഴിപ്പിക്കലിന്‍റെ പേരില്‍ ഇന്നലെ ഉച്ചയ്ക്കാണ് സമരപന്തല്‍ പൊളിച്ചു നീക്കിയത്. പദ്ധതിയുടെ ഒന്നാം റീച്ച് ഉള്‍പ്പെടുന്ന ശാസ്‍തമംഗലം മുതല്‍ മണ്ണറക്കോണം വരെയുള്ള സ്ഥലങ്ങളില്‍, നിരവധി കെട്ടിടങ്ങള്‍ പൊളിക്കാനുള്ളപ്പോഴാണ് ഇൗ നടപടി.
പണ്ടെങ്ങോ കേട്ടുമറന്ന മുത്തശ്ശിക്കഥയിലെ ഗണപതി കല്യാണം പോലെ വട്ടിയൂർക്കാവ് വികസനം അങ്ങനെ അങ്ങനെ നീണ്ടുപോയപ്പോഴാണ് 2018 നവംബർ മാസം പൊലീസ് സ്റ്റേഷന് സമീപത്തായി ജനകീയ സമരപന്തൽ ഉയർന്നത്. വട്ടിയൂർക്കാവ് വികസന ആക്ഷൻ കൗൺസിൽ രൂപീകരിച് സമരം ആരംഭിച്ചപ്പോൾ വികസനം എന്ന ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആക്ഷൻ കൗൺസിൽ സജീവമായി തുടരുമ്പോഴും സമരപ്പന്തൽ പൊളിച്ചതിൽ ദുരൂഹത നിലനിൽക്കുന്നു എന്നതാണ് സമരസമിതി ആരോപിക്കുന്നത്.
വികസനം പൂർണമായി സാധ്യമാകും വരെ സമരം എന്നായിരുന്നു ആക്ഷൻ കൗൺസിൽ പ്രഖ്യാപനം. ഇപ്പോൾ നടക്കുന്നത് പൊളിക്കൽ നാടകം മാത്രമെന്ന് ആക്ഷൻ കൗൺസിൽ. വികസനത്തിന്റെ പേരിൽ പുനരധിവാസം പോലും നടപ്പാക്കാതെയുള്ള സമരപന്തൽ പൊളിക്കൽ അംഗീകരിക്കാൻ കഴിയില്ലെണെന്ന് സമരസമിതിയുടെ നിലപാട്. വികസനത്തിന്റെ പേരിൽ പൊളിക്കൽ പരിപാടികൾ കാര്യമായി നടക്കുന്നെങ്കിലും പൊളിക്കലിനുമുൻപ് നടപ്പാക്കുമെന്ന് സർക്കാരും എംഎൽഎയും വാതോരാതെ പറഞ്ഞ പുണരാധിവാസവും കോംപ്ലക്സ് നിർമാണവും കടലാസിൽ തന്നെയാണ്.