ശുചീകരണ തൊഴിലാളിയായ ജോയി മുങ്ങിമരിച്ച തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. റെയിൽവേയും മറ്റ് സ്ഥാപനങ്ങളും മാലിന്യം നിക്ഷേപിക്കുന്നതായുള്ള പരാതിയിലാണ് നടപടി.
ആയിരം രൂപ കൂലി പ്രതീക്ഷിച്ച് നമ്മൾ തള്ളിയ മാലിന്യം നീക്കാൻ ആമയിഴഞ്ചാൻ തോട്ടിൽ ഇറങ്ങിയ ജോയിയുടെ ദാരുണമായ മരണം ആരും മറന്നിട്ടുണ്ടാകില്ല. ഇതേ തുടർന്ന് ആമയിഴഞ്ചാൻ തോടിൻ്റെ ഭൂരിഭാഗവും വൃത്തിയാക്കിയിരുന്നു. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും പിന്നെയും പല സ്ഥാപനങ്ങളും മാലിന്യം തള്ളുന്നതായുള്ള പരാതി പരിഗണിച്ചാണ് സമഗ്രാന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തന്നെ ഇറങ്ങുന്നത്. ഐജിയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗത്തെ അന്വേഷണ ചുമതല ഏൽപ്പിച്ച ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, റെയിൽവേ ഉൾപ്പെടെ സ്ഥാപനങ്ങളും വീടുകളും തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയും റയിൽവെ ഡിവിഷണൽ മാനേജറും ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയറും അന്വേഷണത്തിന് വേണ്ട സഹായം നൽകണമെന്നും ഉത്തരവിലുണ്ട്. ജോയിയുടെ മരണത്തെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി '