കലാഭവൻ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. ചാലക്കുടി പൊലീസിൽനിന്നു കേസ് ഫയൽ സിബിഐ വാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അന്വേഷണം സിബിഐക്കു കൈമാറിയത്. ഫൊറൻസിക് രേഖകളിലെ വൈരുദ്ധ്യം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണു സിബിഐ അന്വേഷണമെന്ന ആവശ്യം സഹോദരനടക്കമുള്ളവർ ഉയർത്തിയത്.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്. ഒഴിവുകാലവസതിയായ പാഡിയിൽ അവശനിലയിൽ കണ്ടെത്തിയ മണി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിക്കുന്നത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. മണിയുടെ ശരീരത്തിൽ ക്രമാതീതമായ അളവിൽ മീഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നൽകിയിരുന്നു.