മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നടൻ കലാഭവൻ മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിൽ നടൻ ദിലീപിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ബൈജു കൊട്ടാരക്കരയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചതെന്നായിരുന്നു വാർത്ത.
എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നറിയാൽ ബൈജുവിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയെന്നും വാർത്തയിൽ പറയുന്നു. ദിലീപും മണിയും ചേർന്നു റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നതായും ബൈജു വെളിപ്പെടുത്തിയിരുന്നു.
ബൈജു കൊട്ടാരക്കരയുടെ കുറിപ്പ് വായിക്കാം–
സുഹൃത്തേ , ഇന്നത്തെ ചില പത്രങ്ങളിൽ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ കുറിപ്പ്. കലാഭവൻ മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ട് എന്ന് ഞാൻ പറഞ്ഞതായി വന്ന വാര്‍ത്തകൾ അടിസ്ഥാന രഹിതമാണ്. ഞാൻ പറഞ്ഞത് എൻറ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. ഒരു സ്ത്രീയാണ് വിളിച്ചത്. സിനിമയിലെ തന്നെ ഭൂമി, പണം ഇടപാടുകളാണ് മണിയുടെ മരണത്തിന് കാരണം എന്നാണ് പറഞ്ഞത്.
ബാക്കി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം സി. ബി. ഐ ക്ക് കൈമാറിയിടുണ്ട് .അന്വേഷണസംഘമാണ് അത് അന്വേഷിക്കേണ്ടത്. നടിയെ ആക്രമിച്ച കേസിൽ ഞാനും മാക്ട ഫെഡറേഷനും നടിക്ക് ഒപ്പമാണ്. ഞങ്ങളുടെ നിലപാട് ആദ്യം മുതലേ ഇത് തന്നെയാണ്. ദിലീപ് സിനിമയിൽ കാണിച്ച ഇടപെടലുകളും മനുഷ്യത്വമില്ലാത്ത പ്രവൃത്തികളേയും ചോദ്യം ചെയ്തിട്ടുണ്ട്. അത് ആര് കാണിച്ചാലും ചോദ്യം ചെയ്യപെടും.
മണി എന്റെ സിനിമയിൽ അഭിനയിച്ചിടുണ്ട്. ഞങ്ങൾ തമ്മിൽ ഒരു ചെറിയ പ്രശ്നം പോലും ഉണ്ടായിട്ടില്ല .കൊല്ലത്ത് ഞാൻ സിനിമ ഷൂട്ടിങ് നടത്തിയിട്ടില്ല. വാര്‍ത്ത അടിസ്ഥാന രഹിതമാണ്.–ബൈജു കൊട്ടാരക്കര പറഞ്ഞു.
‘മണി പല സ്ഥലങ്ങളിലും ഭൂമി വാങ്ങിയിരുന്നതായി കുടുംബാംഗങ്ങൾക്കും അറിയാമായിരുന്നു. എന്നാൽ അതിന്റെ പ്രമാണങ്ങൾ എവിടെയെന്നതടക്കമുള്ള വിവരങ്ങൾ അവർക്ക് അറിയില്ല. മണി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതു ദിലീപിനൊപ്പമാണെന്ന വിവരം ലഭിക്കുന്നതു ബൈജു കൊട്ടാരക്കരയിൽ നിന്നാണെന്നും അതെക്കുറിച്ചു നേരിട്ട് അറിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
നടപടി ക്രമങ്ങളുടെ ഭാഗമായി സിബിഐ ഓഫിസിലേക്കു ബൈജുവിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. ആരോപണം സംബന്ധിച്ച് അറിയാവുന്ന മുഴുവൻ വിവരങ്ങളും കൈമാറാമെന്നു ബൈജു അറിയിച്ചതായി സിബിഐ കേന്ദ്രങ്ങൾ പറഞ്ഞു. ഇവയിൽ കഴമ്പുള്ളതായി തോന്നിയാൽ വിശദമായ അന്വേഷണം നടത്തും. ദിലീപും മണിയും ചേർന്നു നടത്തിയ ഭൂമി ഇടപാടുകളുടെ വിവരങ്ങൾ നൽകിയതു കോഴിക്കോടു സ്വദേശിനിയാണെന്നും ബൈജു മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപു ചാലക്കുടിയിലെ മണിയുടെ വിശ്രമകേന്ദ്രമായ പാടിയിലാണു സംശയകരമായ രീതിയിൽ മണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിറ്റേന്ന് ആശുപത്രിയിലായിരുന്നു മരണം.