ജിഎസ്ടിക്കു പിന്നാലെ തദ്ദേശഭരണ സ്ഥാപനങ്ങളും നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ സിനിമാ തിയറ്റർ ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. നാലു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് സമിതിക്കു നൽകിയിരിക്കുന്ന നിർദ്ദേശം. ആയിരത്തിലധികം തിയറ്ററുകൾ അടച്ചിട്ട് തിങ്കളാഴ്ച മുതൽ നടത്തിവന്ന സമരത്തിനാണ് ഇതോടെ തിരശീല വീണത്.
ജിഎസ്ടിയുടേതായി 28% നികുതിയും അതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളുടേതായി 30% നികുതിയും ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഫലത്തിൽ 60 ശതമാനത്തോളം നികുതിയാണ് തിയറ്റർ ഉടമകളുടെ മേൽ വന്നിരിക്കുന്നത്. ജിഎസ്ടി അനുസരിച്ച് 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവും 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനവുമാണ് നികുതി അടയ്ക്കേണ്ടത്. ഇതിനു പുറമേ 30 ശതമാനം നികുതി തദ്ദേശഭരണ സ്ഥാപനത്തിനു വേറെയും നൽകണം. ഇതു പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.