തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാതിരുന്ന മലയാളം തമിഴ് നടി ഇനിയയ്ക്കെതിരെ പരസ്യമായ രോഷപ്രകടനവുമായി സംവിധായകനും നടനുമായ ഭാഗ്യരാജ് രംഗത്തെത്തിയിരുന്നു. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണെന്നും ഇനി ഇങ്ങനെ അവർ തെറ്റ് ചെയ്യാൻ പാടില്ലെന്നും ഭാഗ്യരാജ് പറയുകയുണ്ടായി.
ഈ വിഷയത്തിൽ പ്രതികരണവുമായി ഇനിയ എത്തി. കാൽക്കുഴയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ഡോക്ടർ പത്തുദിവസത്തെ വിശ്രമം പറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും ഇനിയ പറയുന്നു.
‘ഇപ്പോൾ പോലും ശരിയായി നടക്കാൻ എനിക്ക് കഴിയുന്നില്ല. ഭക്ഷ്യവിഷബാധ മൂലം അടയാറിലെ സ്വകാര്യ ആശുപത്രിയിൽ ഞാൻ ചികിത്സയിലായിരുന്നു.’–ഇനിയ പറഞ്ഞു.
ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു വാട്ട്സാപ്പ് മെസേജ് ലഭിച്ചതല്ലാതെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനായി തന്നെ ആരും ക്ഷണിച്ചില്ലെന്നും ഇനിയ പറയുന്നു. ‘സാധാരണ അണിയറപ്രവർത്തകർ തന്നെ താരങ്ങളെ ക്ഷണിക്കും. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല. അതിൽ എനിക്ക് ഒരു പരിഭവുമില്ലായിരുന്നു. മാത്രമല്ല വരാൻ സാധിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നതുമാണ്. വയ്യാതിരിക്കുന്ന കാലിന്റെ ചിത്രങ്ങളും അവർക്ക് മെസേജ് ആയി അയച്ചു കൊടുത്തു. എന്നാൽ ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. എന്റെ പേര് മോശമായില്ലേ?– ഇനിയ പറഞ്ഞു.
തനിക്കെതിരെ ഭാഗ്യരാജ് നടത്തിയ പ്രസ്താവനയിൽ പരാതിയില്ലെന്നും ഇനിയ വ്യക്തമാക്കി. ‘ഭാഗ്യരാജ് സാർ ഒരുപാട് സീനിയർ ആണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ആ ചടങ്ങിലെ വിശിഷ്ടാതിഥി ആയിരുന്നു സാർ. ഈ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ വിവരങ്ങൾ വച്ചാണ് അദ്ദേഹം എനിക്കെതിരെ അങ്ങനെയൊരു പ്രസ്താവന നടത്തിയത്–ഇനിയ പറഞ്ഞു.
ഈ സംഭവം വലിയൊരു ആഘാതമായിരുന്നെന്ന് ഇനിയ പറയുന്നു. ‘ഉത്തരവാദിത്വബോധമില്ലാത്ത നടിയെന്ന രീതിയിലാണ് എന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഒരാളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആദ്യം അത് ശരിയാണോയെന്ന് പരിശോധിക്കണം. അത്രമാത്രമേ എനിക്ക് പറയാനൊള്ളൂ–ഇനിയ പറഞ്ഞു.