തെന്നിന്ത്യയിലെ എവർഗ്രീൻ താരം നാഗാർജുനയും എന്റെ സൂര്യപുത്രിയിലൂടെയും ഉള്ളടക്കത്തിലൂടെയും മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ അമലയും ഒന്നിച്ചിട്ട് ഇരുപത്തിയഞ്ചു വർഷങ്ങൾ. സന്തുഷ്ട ദാമ്പത്യം 25 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം ഇരുവരും ആഘോഷിച്ചു. മക്കളും ആരാധകരുമൊക്കെ ഇരുവരെയും ആശംസകൾ കൊണ്ടു മൂടുകയാണ്. തനിക്കൊപ്പം കരുത്തായി നിൽക്കുന്ന അമലയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നാഗാർജുന ട്വിറ്ററിൽ പങ്കുവച്ച ചിത്രം വൈറലാവുകയാണ്.
ഇരുവരുടെയും ഇളയ പുത്രൻ അഖിലും ആശംസയുമായി ചിത്രങ്ങള്‍ പങ്കുവച്ചു. മൂത്ത മകനും നടനുമായ നാഗചൈതന്യയുടെ ഭാവിവധു നടി സമാന്തയും ആശംസയുമായി രംഗത്തെത്തി. നാഗാർജുന ട്വിറ്ററിൽ പങ്കുവച്ച ചിത്രം റീട്വീറ്റ് ചെയ്താണ് സമാന്ത ആശംസ അറിയിച്ചത്.
ആറോളം ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള അമലയും നാഗാർജുനയും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ആദ്യം നടൻ വെങ്കിടേഷിന്റെ സഹോദരിയെ വിവാഹം ചെയ്ത നാഗാര്‍ജുന വിവാഹമോചനം നേടി 1992ലാണ് അമലയെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ വെള്ളിത്തിരയോടു താൽക്കാലിക ഇടവേള പറഞ്ഞ അമല കരുത്ത തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു കെയർ ഓഫ് സൈറാബാനു. എന്തായാലും ഇരുവരുടെയും സിൽവർ ജൂബിലി ഇപ്പോൾ സമൂഹമാധ്യമവും ആഘോഷമാക്കുകയാണ്.