ജി.എസ്.ടി നടപ്പാക്കിയതിനാല്‍ ഹോട്ടല്‍ ഭക്ഷണനിരക്ക് കൂടുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഏഴു മുതല്‍ 10 ശതമാനംവരെയാണ് വര്‍ധന. ജി.എസ്.ടിയില്‍നിന്ന് ഇന്‍പുട് ക്രെഡിറ്റ് ഒഴിവാക്കിയ നിരക്കാണിത്. ഈ നിര്‍ദേശം ഹോട്ടല്‍ ഉടമകളും അംഗീകരിച്ചതോടെ ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കൂട്ടിയ നിരക്കില്‍നിന്ന് ഉപഭോക്താവിന് അഞ്ചു മുതല്‍ എട്ടുശതമാനം വരെ ഇളവ് ലഭിക്കും.
ചരക്കുസേവന നികുതിയോടെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണവില കൂടിയെന്ന് ആദ്യമായി സമ്മതിച്ച മന്ത്രി തോമസ് ഐസക്, വിലകുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ഹോട്ടലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു
ഏഴു മുതല്‍ പത്തുശതമാനം വരെ അധിക നികുതിയാണ് ജി.എസ്.ടി മൂലം ഉണ്ടായത്. നോണ്‍ എസി റസറ്ററന്റുകളില്‍ 12 ശതമാനവും എ.സി റസ്റ്ററന്റുകളില്‍ 18 ശതമാനവുമാണ് ജി.എസ്.ടി ഈടാക്കുന്നത്. അതേസമയം ജി.എസ്.ടിയിലൂടെ ലഭിക്കുന്ന ഇന്‍പുട്ട്, ക്രെഡിറ്റ് ബില്ലില്‍ കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് വിലഇളവ് നല്‍കാന്‍ ഹോട്ടലുടമകള്‍ തയ്യാറെടുക്കുന്നത്. ഇതുപ്രകാരം എ.സി, നോണ്‍ എ.സി റസ്റ്റോറന്‍റുകളില്‍ 7 മുതല്‍ 10 ശതമാനം നികുതിയേ ഈടാക്കൂ.
തെറ്റിദ്ധാരണയുടെ പുറത്താണ് വ്യാപാരി വ്യവസായി ഏകോപനസമിതി കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. സംഘടനയുമായി ചര്‍ച്ചനടത്തി സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഹോട്ടലുടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.