ജിഎസ്ടി സോഫ്റ്റ്‌വെയറിലെ അപാകത മൂലം വ്യാപാരികൾക്ക് വൻ പിഴയൊടുക്കേണ്ടിവരുന്നതായി പരാതി. ജിഎസ്ടി നടപ്പിലാക്കുന്നതിൻറെ ഭാഗമായി നികുതിഒടുക്കാൻ താമസിക്കുന്നതിന് പിഴ ഒഴിവാക്കിയെങ്കിലും പഴയ മാസങ്ങളിലെ പിഴ ഇപ്പോൾ നൽകേണ്ട സ്ഥിതിയാണ്. ദിവസം 200 രൂപ എന്ന കനത്ത നിരക്കിലാണ് പിഴയടക്കേണ്ടി വരുന്നത്. ഇതിനെതിരെ ടാക്സ് പ്രാക്ടീഷണർമാർ ഹൈക്കോടതിയെ സമീപിച്ചു.
ജിഎസ്ടി നടപ്പാക്കുന്നതിൻറെ ഭാഗമായി ആദ്യമാസങ്ങളിൽ നികുതിയടയ്ക്കുന്നതിലെ തെറ്റുകൾക്കും കാലതാമസത്തിനും പിഴ ഈടാക്കില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ മാസത്തിലെ റിട്ടേൺ സമർപ്പിക്കുമ്പോൾ ജൂലൈ, ഓഗസ്റ്റ മാസങ്ങളിലെ പിഴഒടുക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. കാലതാമസത്തിന് ദിവസം 200 രൂപ എന്ന നിരക്കിലാണ് പിഴ. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇതേ തുക തന്നെ പിഴ നൽകണം. നികുതിയില്ലാതെ റിട്ടേൺ മാത്രം ഫയൽ ചെയ്യേണ്ടിവരുന്നവരും ഈ പിഴയടയ്ക്കേണ്ട അവസ്ഥയിലാണ്. ചെറുകിട വ്യാപാരമേഖലയെ തകർക്കുന്നതാണ് സമീപനമെന്ന് ടാക്സ് പ്രാക്റ്റീഷണർമാർ പറയുന്നു. ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനു പുറമേ ത്രിബി ഫോം പൂരിപ്പിക്കേണ്ടി വരുമ്പോൾ തെറ്റുകൾ തിരുത്താൻ അവസരമില്ലാത്തത് ഗുരുതരപ്രശ്നമായിട്ടുണ്ട്. ഒരു അക്കം തെറ്റായി എൻറർചെയ്താൽ അത് മാറ്റാൻ കഴിയില്ല എന്നത് നികുതിയടയ്ക്കലിനെ ദുഷ്കരമാക്കുന്നു. ഒരു മാസം നാലു റിട്ടേണുകൾ ഫയൽ ചെയ്യുക എന്ന അവസ്ഥയും നികുതിയടയ്ക്കിനെ ബുദ്ധിമുട്ടേറിയതാക്കുന്നു.