തമിഴ് നടനും നടികര്‍ സംഘം പ്രസിഡന്‍റുമായ വിശാലിന്‍റെ ഓഫിസില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. വെള്ളിയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് വിശാലിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കി. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജയ്ക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് റെയ്ഡ്. സംഭവത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ നേരിടുമെന്ന് വിശാല്‍ പറഞ്ഞു.
മെര്‍സലിലെ ജി.എസ്.ടിക്കെതിരായ പരാമര്‍ശം നീക്കണമെന്ന ബി.ജെ.പി ആവശ്യത്തെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അതിപ്പോള്‍ എത്തി നില്‍ക്കുന്നത് ആദായനികുതി റെയ്ഡിലാണ്. ഇന്‍റര്‍നെറ്റിലാണ് മെര്‍സല്‍ കണ്ടതെന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച.രാജയുടെ പരാമര്‍ശത്തെ ശക്തമായ ഭഷയിലാണ് നടന്‍ വിശാല്‍ എതിര്‍ത്തിരുന്നത്. രാജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് വിശാലിന്‍റെ ഓഫിസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വിശാല്‍ ഫിലിം ഫാക്ടറിയുമായി ബന്ധപ്പെട്ടുള്ള ടി.ഡി.എസ് കുടിശികയടക്കാത്തത് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. നോട്ടിസ് അയക്കുന്നതടക്കമുള്ള സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റെയ്ഡ് നടന്നത് എന്നതിനാല്‍ സംഭവത്തിന് പിന്നില്‍ ഗൂഡലോചനയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
നടന്‍ വിജയിയുടെ തിരിച്ചറിയല്‍ കാര്‍ഡ് എച്ച് രാജ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ജാതി പറഞ്ഞതടക്കമുള്ള വിവാദങ്ങളില്‍ പതറുകയാണ് ബി.ജെ.പി. വിവാദങ്ങള്‍ ഗുണം ചെയ്ത മെര്‍സല്‍ മുന്നേറുകയുമാണ്.