അലിൻഡിന്റെ ഒഡീഷയിലെ പ്ലാന്റിൽ നിന്ന് യന്ത്രങ്ങളും ഉപകരണങ്ങളും ദുരൂഹസാഹചര്യത്തിൽ കാണാതായി. ആക്രി സാധനങ്ങള്‍ വിൽക്കുന്നെന്ന പേരിൽ കമ്പനിയിൽ നിന്ന് ഉപകരണങ്ങൾ കടത്തിയെന്ന് സംശയിക്കുന്നതായി വായ്പദാതാവായ കാനറ ബാങ്ക് മുമ്പ് നൽകിയ റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു. എന്നാൽ പ്ലാന്റ് കൊള്ളയടിക്കപ്പെട്ടെന്നാണ്് കമ്പനിയുടെ വിശദീകരണം.
അലിൻഡിന്റെ ഒഡീഷ ഹിറാകുഡിലുള്ള കണ്ടക്ടർ യൂണിറ്റിൽ നിന്നാണ് ദുരൂഹ സാഹചര്യത്തിൽ യന്ത്രങ്ങളും വിവിധ ഉപകരണങ്ങളും കാണാതാകുന്നത്. അലിൻഡിന് വായ്പനൽകിയ ബാങ്കുകളുടെ കൺസോർഷ്യത്തിൽ അംഗമായ കാനറ ബാങ്ക് ഇക്കാര്യം 1994ൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഐ.ആർ.ബി.ഐക്ക് കാനറ ബാങ്ക് നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു. ആക്രിസാധനങ്ങളുടെ വിൽപന എന്ന പേരിൽ ബാങ്കിന്റെ അനുമതിയില്ലാതെ നിരവധി വിലയേറിയ ഉപകരണങ്ങൾ ഫാക്ടറിയിൽ നിന്ന് കടത്തിയെന്ന് സംശയിക്കുന്നു. ഇത് വിശ്വാസവഞ്ചനയാണ്. പീഡിത വ്യവസായ പുനരുദ്ധാരണ ബോർഡിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും കത്തിലുണ്ട്.
എന്തായാലും ഒഡീഷ പ്ലാന്റിൽ ബാക്കിയുള്ളത് ഫാക്ടറി കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രമെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അലിൻഡിന്റെ ആസ്തിയിലാണ് സൊമാനി ഗ്രൂപ്പിന്റെ കണ്ണെന്ന വിജിലൻസ് റിപ്പോർട്ടിന് ബലം നൽകുന്നതാണ് പ്ലാന്റിന്റെ ഇപ്പോഴത്തെ സ്ഥിതി.