മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണ് മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങൾ തൊടുത്തുവിടുന്നതെന്നും ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാവരും പങ്കു വച്ചു ജീവിക്കുക എന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, ഞാനും എന്റെ പിള്ളേരും എന്നതാണ് മലയാളിയുടെ ചിന്ത. അതിനപ്പുറം ഒരു ലോകം അവർക്കില്ല. കാശുള്ളവർ പാവപ്പെട്ടവരെക്കുറിച്ചു കൂടി ചിന്തിക്കണം. 67 ശതമാനം പേർക്ക് കക്കൂസ് എല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്.
ഒരു ശതമാനം പേർ മാത്രമാണ് നേരത്തെ നികുതി കൊടുത്തിരുന്നത്. നമ്മൾ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണ് നടത്തിക്കൊണ്ടിരുന്നത്. അതിനു തടയിടുമ്പോൾ എതിർപ്പുണ്ടാവും. സാമ്പത്തികമാന്ദ്യം ഉണ്ടാവാം. ഏതൊരു വിപ്ലവകാരമായ മാറ്റം വരുമ്പോഴും ഇത്തരത്തിലുള്ള ചെറിയ കടമ്പകൾ സ്വാഭാവികമാണ്.
കണ്ണന്താനത്തിനു വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. കക്കൂസ് ഇല്ലാത്തതിനെപ്പറ്റി, പാവപ്പെട്ടവർക്ക് കുട്ടികളെ സ്കൂളിൽ വിടാൻ പറ്റാത്തതിനെപ്പറ്റി ഒക്കെ പറയും. ആളുകൾ പരിഹസിക്കട്ടെ. എനിക്കിതൊക്കെ തമാശയാണ്. ചിരിക്കേണ്ടവർ ചിരിക്കട്ടെ. സമൂഹമാധ്യമങ്ങളിൽ രാവിലെ മുതൽ തുടങ്ങുകയാണ് ചിലർ. എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നത്.
പെട്രോൾ വില വർധന പാവപ്പെട്ടവരെക്കൂടി ബാധിക്കില്ലേ എന്ന ചോദ്യത്തിൽ ന്യായമില്ല. 3.3 ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വർധന. ലോകത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയാണ്. കണ്ണന്താനം പറഞ്ഞു.