കൊച്ചി മെട്രോയുടെ അടുത്തഘട്ടത്തിന് കേന്ദ്രസഹായം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം . മഹാരാജാസ് മുതൽ കലൂർവരെ മെട്രോയിൽ യാത്ര ചെയ്ത കണ്ണന്താനം കൊച്ചി മെട്രോ ഡൽഹി മെട്രോയേക്കാൾ മികച്ചതാണെന്നും പ്രശംസിച്ചു.
കേന്ദ്രമന്ത്രിയുടെ പദവിയും പത്രാസുമെന്നും കാണിച്ചില്ല . കുടുംബ സുഹൃത്തുക്കൾക്കൊപ്പമെത്തിയ അൽഫാൻസ് കണ്ണന്താനം സാധാരണക്കാരെ പോലെ മഹാരാജാസ് സ്റ്റേഷനിലെ കൗണ്ടറിൽ പണം കൊടുത്ത് ടിക്കറ്റെടുത്തു . പിന്നെ നേരെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക്. മഹാരാജാസിൽ തുടങ്ങി കലൂരിലെത്തി തിരിച്ച് മഹാജാരാജാസ് വരെ യാത്ര. മെട്രോയിൽ നിന്നുള്ള കൊച്ചി കാഴ്ച നന്നായാസ്വദിച്ച കണ്ണന്താനം കൊച്ചി മെട്രോയെ അഭിനന്ദിക്കാനും മറന്നില്ല.
വൈറ്റിലയിൽ നിന്ന് പേട്ടയിലേക്കുള്ള റീച്ച് ഇഴഞ്ഞു നീങ്ങുന്ന കാര്യം ഒാർമിപ്പിച്ചപ്പോൾ കേന്ദ്രസഹായം ഉറപ്പാക്കാൻ യത്നിക്കുമെന്ന ഉറപ്പും കണ്ണന്താനം നൽകി.
ആലുവവരെ യാത്രചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും മറ്റ് ഒൗദ്യോഗിക പരിപാടികളുണ്ടായിരുന്നതിനാൽ കേന്ദ്രമന്ത്രി കലൂരിൽ ചുരുക്കുകയായിരുന്നു.