'ഇംഗ്ലീഷ് പറഞ്ഞു പറഞ്ഞു മടുത്തു, ഇതൊന്നും ടിവിയിൽ വരുന്നില്ലല്ലോ ലേ..' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡബ്സ്മാഷ് വിഡിയോകളായും ട്രോളുകളായുമൊക്കെ സമൂഹമാധ്യമത്തിൽ പരക്കുന്ന വാക്കുകളാണിത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനം കാമറയിൽ പകർത്തുന്നില്ലെന്ന ധാരണയോടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ആ കാര്യങ്ങൾ നിമിഷനേരം െകാണ്ടാണ് ഓൺലൈൻ ലോകത്തു വൈറലായത്.
എന്തിനധികം ട്രോളുകൾക്കും കളിയാക്കിയുള്ള വിഡിയോകൾക്കും പുറമെ ഈ സംഭാഷണം വച്ചുകൊണ്ട് റിമിക്സുകൾ വരെ പുറത്തിറങ്ങി. പക്ഷേ ഒരു സ്ത്രീ തന്റെ തനതായ രീതിയിൽ സംസാരിച്ചതിനെ ഇത്രയൊക്കെ കളിയാക്കാനെന്തുണ്ട് എന്നു ചോദിക്കുന്നവരും കുറവല്ല. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇപ്പോൾ ഷീല കണ്ണന്താനത്തെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്.
തുടക്കത്തിൽ അതൊരു തമാശയായിരുന്നെങ്കിൽ ഇന്നത് അതിരുവിട്ട പരിഹാസവും അവഹേളനവുമായി മാറിയിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ആ വിഡിയോയിൽ അവർ മോശമായി പറഞ്ഞത് എന്താണ്? ചിലരുടെ സംസാരരീതി അങ്ങനെയാകാം പക്ഷേ അവർക്കും മാനവും അഭിമാനവും ഉണ്ടെന്ന് ഓര്‍ക്കണം. അമിതമായാൽ അമൃതും വിഷമാണ്, നിങ്ങളുടെ തമാശ അവർക്കു വേദനയാണ് എന്നുകൂടി ഓർക്കണമെന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്..
''അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ?ആദ്യമൊരു തമാശയായ വിനോദമായിരുന്നു,
എല്ലാവരുമൊന്ന് ചിരിച്ചു.
ഇപ്പോഴത് അതിരുവിട്ട പരിഹാസമായി.
അവഹേളനമായിത്തുടങ്ങി
മതി നിർത്തൂ..അവർക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയിൽ അവർ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികൾ പോലും അവരെ അവഹേളിക്കുന്നു.
മാതാ പിതാക്കൾ ചെയ്യിക്കുന്നു..എനിക്കവരെ യാതൊരു പരിചയവുമില്ല..എങ്കിലും അതിരു വിട്ട ഈ പരിഹാസത്തിൽ അവർ വേദനിക്കുന്നത് ഞാൻ മനസിലാക്കുന്നു.
പൊതു പരിപാടികളിൽ പോലും പങ്കെടുക്കാത്ത
ഒരു സ്ത്രീക്ക് ഇതങ്ങനെ സ്പോട്ടീവായി എടുക്കാൻ സാധിക്കണമെന്നില്ല..
അമിതമായാൽ അമൃതും വിഷമാണ്..
നിങ്ങളുടെ തമാശ അവർക്ക് വേദനയാണ് എന്ന് കൂടി ഓർക്കണം...ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..''