കോണ്‍ഗ്രസുമായുള്ള സഹകരണ സാധ്യത അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി സീതാറാം യച്ചൂരി. രാഷ്ട്രീയനയത്തിന്‍റെ കരടിന് അന്തിമരൂപമായില്ലെന്നും എല്ലാ സാധ്യതകളും ഇല്ലാതായിട്ടില്ലെന്നും യച്ചൂരി വ്യക്തമാക്കി. ഒരു നിലപാടും തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും യച്ചൂരി പറഞ്ഞു.
കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. യച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും ആവശ്യം തള്ളി. അതേസമയം, വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നു ബംഗാൾ ഘടകം അറിയിച്ചു. പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജനുവരിയിൽ കേന്ദ്ര കമ്മിറ്റിയോഗം ഉണ്ട്. അതിലുന്നയിക്കുമെന്നാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്.
പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും നിലവിലെ സാഹചര്യത്തിൽ സമീപനം മാറ്റേണ്ടെന്ന നിലപാടിലാണ്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി കോണ്‍ഗ്രസാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോൺഗ്രസ് സഖ്യം വേണ്ടെന്നു പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തിരുന്നു. അതേസമയം, പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയും സിസി ഇന്നു ചർച്ച ചെയ്തു.