കൊലപാതകങ്ങള്‍ നടത്തിയും വ്യാജപ്രചരണങ്ങളിലൂടെയും കേരളത്തില്‍ ചെങ്കൊടി പിഴുതെറിയാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ സി.പി.എം ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
സിപിഎമ്മിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തിയ നടപടി ജനാധിപത്യ മര്യാദയുടെ ലംഘമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം നടത്തിയ മാര്‍ച്ചിന് സീതാറാം യച്ചൂരി അടക്കമുള്ള പി.ബി അംഗങ്ങള്‍ നേതൃത്വം നല്‍കി. ആര്‍എസ്എസ് അതിക്രമത്തിന് വിധേയരായ സി.പി.എം പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു മാര്‍ച്ച്. ബി.ജെ.പി ഒാഫീസിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. ഭരണപരാജയം മറച്ചുവെയ്ക്കാനുള്ള ബി.ജെ.പിയുടെ അടവുകളാണ് സി.പി.എമ്മിനെതിരായ പ്രചരണമെന്ന് സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.
ജനരക്ഷായാത്രയ്ക്ക് പിന്തുണയുമായി സി.പി.എം ആസ്ഥാനത്തേക്ക് തുടര്‍ച്ചയായ അഞ്ചാം ദിവസവും ബി.ജെ.പി ഡല്‍ഹി ഘടകത്തിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷം പത്തുമിനുട്ട് നീണ്ടുനിന്നു. ആഭ്യന്തരസഹമന്ത്രി കിരണ്‍ റജിജു ഉദ്ഘാടനം ചെയ്തമാര്‍ച്ചാണ് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്.