ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപെടുവിച്ച വിധിയിൽ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രംഗത്ത്. തികച്ചും കഠിനമായ തീരുമാനമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. തനിക്കായി മാത്രം പ്രത്യേകനിയമമോ? എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാനും ഇതൊന്നും ബാധകമാകുന്നില്ലെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. തന്റെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും വിട്ടുകൊടുക്കില്ലെന്നും ശ്രീശാന്ത് വിധിയോട് പ്രതികരിച്ചു.
ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ശ്രീശാന്തിന്റെ വിലക്കു നീക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബിസിസിഐ തീരുമാനത്തില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാതുവയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്നും ശബ്ദം തന്റേതല്ലെന്ന് ശ്രീശാന്ത് വാദിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ബിസിസിഐ സ്വാഭാവികനീതി ലംഘിച്ചിട്ടുമില്ലെന്നും സിംഗിള്‍ ബെഞ്ച് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആ ജീവനാന്ത വിലക്ക് തുടരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബിസിസിഐയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഏർപ്പെടുത്തിയത്. വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയിൽ വാദിച്ചത്.
ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഓഗസ്റ്റ് ഏഴിനാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്. ഇതിനെതിരെയാണ് ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.