വാതുവയ്പ് കേസിൽ ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ പോരാടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കാൻ ശ്രമിക്കും.ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
വാതുവയ്പ് കേസിൽ ബിസിസിഐ രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റു ചെയ്തെന്ന് കോടതി കണ്ടെത്തിയവരെ സഹായിക്കുകയും, കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ തന്നെ ക്രൂശിക്കുകയും ചെയ്യുന്ന നിലപാടാണ് ബിസിസിഐയുടേത്. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. മൽസരങ്ങൾക്കുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തു കഴിഞ്ഞെന്നും ശ്രീശാന്ത് ദുബായിൽ പറഞ്ഞു.