ബിജെപി വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. കമല്‍ഹാസനും പാ രഞ്ജിത്തും അടക്കമുള്ളവര്‍ സിനിമക്കെതിരായ നീക്കങ്ങളെ അപലപിച്ചു.
മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിന് ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് വിവാദത്തിന് കാരണമായത്. സിംഗപൂരില്‍ ഏഴുശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
അതേസമയം ചിത്രത്തിന് പിന്തുണയുമായി നിരവധി പേരെത്തി. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി.
ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ െചന്ന് കാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപണമുയര്‍ന്നു.