തമിഴ്നാട്ടിലെ സാമൂഹ്യ വിഷയങ്ങളില്‍ നേരിട്ടിടപെടാന്‍ നടന്‍ കമല്‍ഹാസന്‍റെ തീരുമാനം. ട്വിറ്ററിലൂടെ മാത്രമുള്ള വിമര്‍ശനങ്ങളെ മന്ത്രിമാരടക്കം ചോദ്യം ചെയ്ത സാഹചര്യത്തിലാണ് നീക്കം. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ വടക്കന്‍ ചെന്നൈയിലെ കയ്യേറ്റ പ്രദേശങ്ങള്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കമല്‍ഹാസന്‍റെ പുതിയ നീക്കങ്ങള്‍. ഇത്രനാളും ട്വിറ്ററിലൂടെയാണ് വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്നത്. അതില്‍ നിന്ന് മാറി നേരിട്ട് സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനാണ് ഉലകനായകന്‍റെ തീരുമാനം. എന്നൂരിലെ കൊസത്തലയാര്‍ മലിനമാക്കുന്നതും കയ്യേറുന്നതും തടയണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് അപ്രതീക്ഷിതമായി കൊസത്തലയാര്‍ അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വള്ളൂര്‍ തെര്‍മല്‍ പ്ലാന്‍റ്, നോര്‍ത്ത് ചെന്നൈ പവര്‍ പ്ലാന്‍റ് എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം കൊസത്തലയാറിലേക്ക് ഒഴുക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പ്രദേശവാസികളില്‍ നിന്നും ചോദിച്ചറിഞ്ഞു. തമിഴ്നാട്ടിലെ വിവിധ വിഷയങ്ങളെ കുറിച്ച് കൃത്യമായ പഠനം കമല്‍ഹാസന്‍ നടത്തിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ഇടപെട്ട് കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് ആലോചന. കമല്‍ഹാസന്‍റെ നീക്കങ്ങളില്‍ രാഷട്രീയപാര്‍ട്ടികള്‍ക്ക് ഉത്കണ്്ഠയുണ്ട്.
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നിലവേമ്പ് കഷായം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് പറഞ്ഞതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കമല്‍ഹാസന് നേരിയ തിരിച്ചടി നല്‍കി/യിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കങ്ങള്‍.