വിജയ് ചിത്രം മെര്‍സലിലെ വിവാദ രംഗങ്ങള്‍ നീക്കണമെന്നമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമയെ സിനിമയായി കാണണമെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അഭിഭാഷകനായ അശ്വദ്ദമാന്‍ സിനിമയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ജി.എസ്.ടിയെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നു, ഡിജിറ്റല്‍ ഇന്ത്യപോലെ പ്രധാന പദ്ധതിയെ മോശമായാണ് ചിത്രീകരിക്കുന്നത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജീവിതമല്ല സിനിമയാണിതെന്ന് മനസിലാക്കണമെന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളി. സിനിമക്കെതിരായ ഇത്തരം നീക്കങ്ങള്‍ യഥാര്‍ഥത്തില്‍ സിനിമക്ക് തന്നെയാണ് ഗുണം ചെയ്യുകയെന്നും കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ചെയ്ത ചിത്രത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നടനും പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്‍റുമായ വിശാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്‍രാജനാണ് പരാതിയുമായി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.