എ.ടി.എം. തട്ടിപ്പിലൂടെ ഒറ്റരാത്രി ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ഡല്‍ഹി എയിംസിലെ മലയാളി നഴ്സ് ലിജീഷിനു പറയാനുള്ളത് എസ്.ബി.ഐ. അധികൃതര്‍ കാട്ടിയ കടുത്ത അനാസ്ഥയുടെ കഥ. ഇനിയൊരിക്കലും എ.ടി.എം. കാര്‍ഡ് ഉപയോഗിക്കില്ലെന്ന തീരുമാനത്തിലാണ് ലിജീഷും എയിംസില്‍തന്നെ നഴ്സായ ഭാര്യ അനുവും.
പുതുതായി വാങ്ങിയ വീടിന്‍റെ റജിസ്ട്രേഷനായി ലിജീഷ് കരുതിവച്ച 97,700രൂപയാണ് സൈബര്‍ കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇക്കഴിഞ്ഞ മേയ് 24ന് രാത്രി പതിനൊന്നരയ്ക്കും 25ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കുമിടയിലാണ് അഞ്ചു തവണയായി അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടത്. നാലുവട്ടം ഇരുപതിനായിരംരൂപ വീതം പിന്‍വലിച്ചത് ഡല്‍ഹി മംഗോള്‍പുരിയിലെ എ.ടി.എമ്മില്‍നിന്നാണെന്ന് എസ്.ബി.ഐ. അധികൃതര്‍ പറയുന്നു. ബാക്കി 17,700രൂപ ബിഹാറിലെ രമേഷ് ശര്‍മ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയത്.
എന്നാല്‍ നഷ്ടപ്പെട്ട 57,700 എന്ന് തിരികെ ലഭിക്കുമെന്ന് കാര്യത്തില്‍ എസ്.ബി.ഐ. അധികൃതര്‍ക്ക് മറുപടിയില്ല. പരാതിപറയാന്‍ ചെന്നപ്പോള്‍ എസ്.ബി.ഐ. ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഏറെ വേദനിപ്പിച്ചുവെന്നും ലിജീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഉപയോഗിച്ചിരുന്ന എ.ടി.എം. കാര്‍ഡ് ബ്ളോക്ക് ചെയ്ത ലിജീഷ് ഇനി ജീവിതത്തിലൊരിക്കലും എ.ടി.എം. ഉപയോഗിക്കില്ലെന്ന തീരുമാനത്തിലാണ്. ഡിജിറ്റല്‍ ഇടപാടുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇടപാടുകള്‍ക്കായി ചെക്ക് മാത്രം ഉപയോഗിക്കാനാണ് തീരുമാനമെന്നും ലിജീഷ് വ്യക്തമാക്കി.