കൊച്ചിയിൽ രണ്ടുകമ്പനികളുടെ അക്കൗണ്ടുകളിൽ നിന്ന് നാൽപത് ലക്ഷംരൂപ ഓൺലൈൻ വഴി കവർന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കമ്പനികളുടെ പരാതിയിൽ റിസർവ് ബാങ്കിനും അക്കൗണ്ട് കൈകര്യം ചെയ്ത ബാങ്കുകൾക്കും ഹൈക്കോടതി നോട്ടീസയച്ചു.
അക്കൗണ്ടിൽ നിന്ന് ഇരുപത്തിമൂന്ന് ലക്ഷം രൂപ നഷ്ടമായ കൊച്ചിയിലെ വ്യവസായി ചെറിയാൻ സി കരിപ്പാപ്പറമ്പിലും,പതിനാറെകാൽ ലക്ഷം രൂപ നഷ്ടമായ ടോണി ഡേവിസുമാണ് ബാങ്കുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പണം നഷ്ടമായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബാങ്കുകൾ ഒഴിഞ്ഞുമാറിയതോടെയാണ് ഇരുവരും ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്.
എന്നാൽ ഈ നിർദേശം ബാങ്കുകൾ പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഇക്കാര്യത്തിൽ റിസർവ് ബാങ്കിനോട് വിശദീകരണംതേടിയ ഹൈക്കോടതി അക്കൗണ്ടുകൾ കൈകാര്യം ചെയ്ത ബാങ്കുകൾക്കും നോട്ടീസയച്ചു. കേസിൽ ലോക്കൽ പൊലീസ് നടപടികൾ തൃപ്തികരമല്ലെന്ന ഹർജിക്കാരുടെ നിലപാട് അംഗീകരിച്ച കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും നിർദേശം നൽകി. എറണാകുളം നോർത്ത് പൊലീസാണ് ഇതുവരെ അന്വേഷണം നടത്തിവന്നത്. ഡ്യൂപ്ലിക്കേറ്റ് സിംകാർഡുണ്ടാക്കിയാണ് പണം തട്ടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അതേ സമയം തിരിച്ചറിയൽ രേഖകൾ വേണ്ട രീതിയിൽ പരിശോധിക്കാത്ത ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് അനുവദിച്ച മൊബൈൽ സേവനദാതാക്കൾക്കെതിരെയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവർ.