കെംഡൽ എന്ന സർക്കാർ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയിൽ മണൽമാഫിയയുടെ ചൂഷണം. ഏഴുവർഷമായിട്ടും പാലക്കാട്ടെ അണക്കെട്ടുകളിൽ നിന്ന് മണൽവാരൽ പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് വാരിയിട്ട മണലിന്റെ പേരിൽ ഇപ്പോഴും അണക്കെട്ടുകളിൽ മണലൂറ്റ് തുടരുകയാണ്. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.
ചുളളിയാർ അണക്കെട്ടിലെ മണലെടുപ്പ് കേന്ദ്രമാണിത്. അണക്കെട്ടിനുളളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിെയടുത്ത് മണൽ വാരുന്നു. ചെളിമാറ്റി മണൽ അരിച്ചെടുക്കാൻ മറ്റ് യന്ത്രസംവിധാനങ്ങൾ വേറെയുമുണ്ട്. കരമണൽ ഖനനം പോലെ മോട്ടോർ ഉപയോഗിച്ചാണ് ഇവിടെയും പ്രവൃത്തികൾ. ചുളളിയാറിൽ മാത്രല്ല ഏഴുവർഷം മുൻപ് കെംഡൽ എന്ന സർക്കാർ സ്ഥാപനം മലമ്പുഴ, വാളയാർ അണക്കെട്ടുകളിലും മണൽ വാരിയിടുകയും കരാറുകാർക്ക് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരിടത്തുപോലും ഇന്നേവരെ മണൽ നീക്കാനുളള പ്രവൃത്തി പൂർത്തിയായിട്ടില്ല. പലപ്പോഴായി വിജിലൻസ് അന്വേഷണം നടന്നതും മഴപെയ്തതും മണൽകാടുകയറിയതും കരാറുകാർക്ക് നല്ലതായി. ഏറ്റവും ഒടുവിൽ ചുളളിയാറിൽ നിന്ന് 2164 ഖനമീറ്റർ മണലെടുക്കാനാണ് ഹൈക്കോടതി കരാറുകാരന് അനുവാദം നൽകിയിരിക്കുന്നത്.
അണക്കെട്ട് കുഴിച്ച് മണലെടുക്കുന്നത് നിയമവിരുദ്ധമായിട്ടും നടപടിയില്ല. മഴപെയ്ത് ഖനനം തടസപ്പെട്ടാൽ അടുത്തവർഷവും മണൽവാരൽ തുടരുമെന്നുറപ്പ്. മണൽവാരുന്നു. മഴപെയ്യുന്നു. വിജിലൻസ്അന്വേഷണം, കോടതി ഉത്തരവ്, ഇങ്ങനെ ഏഴുവർഷമായി തുടരുന്ന മണൽ വാരൽ പ്രതിഭാസമാണിത്. കെംഡൽ എന്ന സർക്കാർ സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.