പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് ജില്ലാ ആശുപത്രി അധികൃതരുടെ അഗവണന. ജില്ലാ ആശുപത്രിയുടെ ക്ലിനിക്കൽ സൗകര്യങ്ങൾ ഉപയോഗിക്കാൻ മെഡിക്കൽ വിദ്യാർഥികൾക്ക് സമയം അനുവദിക്കുന്നില്ല. പ്രതിഷേധമെന്നോണം വിദ്യാർഥികൾ സൂചനാസമരം നടത്തി.
പട്ടികവിഭാഗവികസന വകുപ്പിന് കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കാണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട ഗതികേട് ഉണ്ടായിരിക്കുന്നത്.
മെഡിക്കൽ കോളജിന് സ്വന്തമായി ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പിന് കീഴിലുളള ജില്ലാ ആശുപത്രിയിലെ ക്ളിനിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കേണ്ടത്. എന്നാൽ മെഡിക്കൽ വിദ്യാർഥികളെ ജില്ലാ ആശുപത്രി അധികൃതർ അകറ്റിനിർത്തുന്നു. രോഗികളെ പരിശോധിക്കാനോ , ശസ്ത്രക്രിയാ രീതികൾ മനസിലാക്കാനോ അനുവദിക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസം ഓപ്പറേഷൻ തീയറ്ററിലും , ഒപിയിൽ രണ്ടുദിവസം മാത്രവുമാണ് കയറാൻ അനുവാദമുളളത്. ചുരുക്കത്തിൽ രോഗികളെ കാണാതെ തിയറി മാത്രം പഠിച്ച് എംബിബിഎസ് പഠനം പൂർത്തിയാക്കേണ്ട സ്ഥിതി.
ആശുപത്രിയും മെഡിക്കൽ കോളജും തമ്മിലുള്ള ഏകോപനമില്ലായ്മ ആരോഗ്യപട്ടികവിഭാഗം വകുപ്പുകളുടെ തലപ്പത്തും നിലനിൽക്കുന്നു. രോഗികൾക്ക് ലഭിക്കേണ്ട മെഡിക്കൽ വിദ്യാർഥികളുടെ സേവനമാണ് നഷ്പ്പെടുത്തുന്നത്. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഒപി സൗകര്യം ലഭിച്ചില്ലെങ്കിൽ തുടർസമരത്തിനൊരുങ്ങുകയാണ് മെഡിക്കൽ വിദ്യാർഥികൾ.