പാലക്കാട് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്താക്കറ ചിന്മയ നഗര്‍ കോളനിയിലെ വ്യാപാരി ജസ്വന്ത് സിങ്ങിന്‍റെ വീട്ടില്‍ നിന്ന് വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ച മൂന്നു രാജസ്ഥാന്‍ സ്വദേശികളെയാണ് ആറുമണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടിയത്.
ചക്കാന്തറ ചിന്മയ നഗർ കോളനിയിലെ വ്യാപാരി ജസ്വന്ത് സിങിന്റെ വീട്ടിൽ നിന്നാണ് 12 കിലോ വെള്ളി ആഭരണങ്ങൾ കവര്‍ച്ച പോയത്. കേസിലെ മൂന്നുപ്രതികളേയും ആറു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ജല്ലൂർ സൂറാന ടാക്കിയാ വാസ് സ്വദേശി അജ്മൽസിങ് , ജലോർ നർസാന രഗോഡാ സ്വദേശി ഹീർസിങ് , ജല്ലൂർ സൂറാൻ സ്വദേശി ചേൽസിങ് , എന്നിവരാണു പെരിന്തൽമണ്ണയിൽ നിന്നു അറസ്റ്റിലായത്. ജസ്വന്ത് സിങിന്റെ വീട്ടിൽ ജോലിക്കാരനായ അജ്മൽസിങാണു മോഷണത്തിന്റെ സൂത്രധാരൻ. കുടുതൽ വെളളി ആഭരണം ശ്രദ്ധയിൽപെട്ട അജ്മൽ പെരിന്തൽമണ്ണയിലുള്ള കൂട്ടുകാരെ വിളിച്ചു മോഷണത്തിനു പദ്ധതിയിടുകയായിരുന്നു. രാത്രി നഗരത്തിലെത്തിയ കൂട്ടുപ്രതികളെ രാത്രി രണ്ടുമണിയോടെ അജ്മൽസിങ് വിളിച്ചതനുസരിച്ചു വീട്ടിലെത്തി. വീട്ടിനകത്തു താമസിക്കുന്ന അജ്മൽസിങാണു വാതിൽ തുറന്നു നൽകിയത്.
ആഭരണങ്ങൾ എടുക്കുന്നതിനിടെ ശബ്ദം കേട്ട് എഴുന്നേറ്റ ജസ്വന്ത് സിങിനെ കാർ മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന കവർ ഉപയോഗിച്ച് മുഖം മൂടി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തന്നെ ആരും കണ്ടിട്ടില്ലെന്നു തോന്നിയ അജ്മൽസിങ് മോഷ്ടാക്കൾ തന്നെ മർദ്ദിച്ചു രക്ഷപ്പെട്ടുവെന്നു പറഞ്ഞു വീട്ടിൽ തന്നെ തുടർന്നു. ഉടൻ സൗത്ത് പൊലീസ് സ്ഥലത്തെത്തി. എന്നാൽ അജ്മൽസിങ് കവർകൊണ്ടു ജസ്വന്ത്സിങിന്റെ മുഖം മറയ്ക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ കണ്ടിരുന്നു. ഇത് പൊലീസിനോടു പറഞ്ഞതാണു പ്രതികളെ പിടികൂടാൻ സഹായിച്ചത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൂട്ടുകാരെകുറിച്ച് അജ്മൽസിങ് പറഞ്ഞു. മോഷണത്തിനുശേഷം പെരിന്തൽമണ്ണിയിലെത്തി വിശ്രമിക്കുകയായിരുന്ന പ്രതികളെ എട്ടുമണിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയ്യിൽ നിന്നു ആറുകിലോ വെള്ളിയും രക്ഷപ്പെടുന്നതിനിടയിൽ ജസ്വന്ത്സിങിന്റെ വീട്ടിൽ തന്നെ ഉപേക്ഷിച്ച ആറുകിലോയും കണ്ടെത്തി. പ്രതികള്‍ മറ്റുകേസികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.