പാലക്കാട് വടക്കേ വെള്ളിനേഴിയിൽ പ്രവർത്തനം നിലച്ച സർക്കാർ ആശുപത്രി വീണ്ടും തുടങ്ങണമെന്നാവശ്യം. ആശുപത്രി കെട്ടിടവും ഒരേക്കർ വരുന്ന സ്ഥലവും കാടുകയറി നശിച്ചു.
ആരോഗ്യസേവന രംഗത്തു പ്രവർത്തിച്ചിരുന്ന സ്കിപ്പോ എന്ന സന്നദ്ധ സംഘടന 1984 ൽ പ്രവർത്തനം നിർത്തിയപ്പോൾ വടക്കേവെളളിനേഴിയിലെ ആശുപത്രിക്കും അനാരോഗ്യമായി. കിടത്തി ചികിൽസയിലൂടെ ഏറെ പേരുകേട്ട ആശുപത്രിയാണ് ഇന്ന് ജീർണാവസ്ഥയിലായിരിക്കുന്നത്. ആദ്യകാലത്ത് നാട്ടുകാർക്ക് പോഷകാഹാരം നൽകുന്നതിനാണ് ഇവിടെ ആരോഗ്യകേന്ദ്രം തുടങ്ങിയത്. ഇന്നിപ്പോൾ കെട്ടിടവും ഒരേക്കർ വരുന്ന സ്ഥലവും സംരക്ഷിക്കാനാളില്ല. എല്ലാം കാടുകയറി നശിക്കുന്നു.
ആശുപത്രി സ്ഥലത്ത് നിന്ന തേക്ക് ഉൾപ്പെടെയുളള വൻമരങ്ങളിൽ ചിലത് മോഷണം പോയി. ആയിരത്തിലധികം പേർക്ക് പ്രയോജനപ്പെടുന്ന ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണ്ണാത്തി കടവ് പാലം വരുന്നതോടെ ആശുപത്രിയുടെ സേവനം ഇരട്ടിക്കും.