മലയാളത്തിന്റെ പ്രിയ സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൃതദേഹം സാലിഗ്രാമത്തിലുളള വീട്ടിൽ എത്തിച്ചു. നാളെ വൈകുന്നേരം ആറിന് ചെന്നൈയില്‍ തന്നെയാണ് സംസ്കാരം.
രാവിലെ പത്തു മണിയോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. സമീപത്തുള്ള സ്വകാര്യ ആശുപത്രയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഹൃദയസ്തനത്തെ തുടർന്ന് അന്ത്യം സംഭവിച്ചു. ഭാര്യ സീമയും മകൻ അനി ശശി കൂടെയുണ്ടായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം ആറു മണിക്ക് ചെന്നൈ പൊരൂർ വൈദ്യുത സ്മശാനത്തിൽ നടക്കും.
മറ്റന്നാൾ രാവിലെ പത്തു മണിക്ക് സംസ്കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ ഓസ്ട്രേലിയയിലുള്ള മകൾ അനു നാളെ ഉച്ചയോടെ തന്നെ ചെന്നൈ എത്തുന്നതിനാൽ വൈകുന്നേരം തന്നെ സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ,ഭാരതി രാജ, നടിമാരായ ശാരദ, പാർവതി, ഗീത, രമ്യ കൃഷ്ണൻ, നടൻമാരായ നരേയ്ൻ, കാളിദാസൻ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മരണം അപ്രതീക്ഷിതമായി കടന്നുവന്നത്.
1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ ലഭിച്ചുണ്ട്. സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. നടി സീമയാണ് പത്നി. രണ്ടു മക്കളുണ്ട്.
ആള്‍ക്കൂട്ടത്തിന്റെ സംവിധായകന്‍ മാത്രമല്ല കലാമൂല്യത്തിനൊപ്പം ജനപ്രിയതയും സിനിമയില്‍ സന്നിവേശിപ്പിച്ച കലാകാരനായിരുന്നു ഐ.വി.ശശി. ചിത്രകാരന്‍ കൂടിയായ ശശി മലയാളസിനിമയുടെ കാന്‍വാസ് വലുതാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റമ്പതോളം ചിത്രങ്ങളൊരുക്കുകയും അവയിലേറെയും സൂപ്പർഹിറ്റാക്കുകയും ചെയ്‌തു. ഇവയിൽ നൂറോളം സിനിമകൾ, റിലീസ് ചെയ്‌ത തിയറ്ററുകളിൽ 100 ദിവസം പിന്നിടുകയും ചെയ്തു.
മലയാളത്തിലെന്നല്ല ദക്ഷിണേന്ത്യയിൽ തന്നെ ഇനി ഒരു സംവിധായകനും മറികടക്കാനാകാത്ത നേട്ടങ്ങളുടെ ഉടമയാണ് കോഴിക്കോട് വെസ്‌റ്റ്‌ഹിൽ ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി.ശശി. രജനികാന്തിനെയും കമൽഹാസനെയും ഒരുമിച്ചു മലയാള സിനിമയിൽ അവതരിപ്പിച്ചു. തൃഷ്ണയിലൂടെ മമ്മൂട്ടിയെ ആദ്യം നായകനാക്കി. ഇനിയെങ്കിലും എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മോഹൻലാലിന് നായകപദവി ആദ്യം നൽകി. തമിഴിൽ കമൽഹാസനും രജനീകാന്തിനും വഴിത്തിരിവായി ഗുരു, കാളി എന്നീ സിനിമകള്‍ നല്‍കി. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി ഏഴാംകടലിനക്കരെ അമേരിക്കയിലെത്തിയതും ശശിയാണ്.
മലയാളത്തിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കൾ എം.ടി. വാസുദേവൻ നായർ, പി. പത്മരാജൻ, ടി.ദാമോദരൻ, ലോഹിതദാസ്, ജോൺ പോൾ, രഞ്‌ജിത്ത് എന്നിവർക്കൊപ്പമെല്ലാം സിനിമകൾ ചെയ്‌ത് വൻ വിജയങ്ങൾ സ്വന്തമാക്കി.
സിഐഡി സിനിമകള്‍ വേണം ഹിറ്റുകള്‍ക്ക് എന്ന ചിന്ത ശശി തിരുത്തിക്കുറിച്ചു. രാഷ്ട്രീയവും രാഷ്ട്രീയത്തിലെ അനീതിയും തൊഴിലാളി പ്രശ്നങ്ങവും എല്ലാം വിഷയമായി. കൗമാരപ്രണയം ഇതിവൃത്തമാക്കി ഇണയും കാണാമറയത്തും എത്തി. അവളുടെ രാവുകളിലെ നായിക സീമ പിന്നെ ജീവിതനായികയുമായി.